നടനും കോമഡി താരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്‌ക്കൊപ്പം പണ്ട് കോമഡി പ്രോഗ്രാമുകള്‍ക്ക് പോയിക്കൊണ്ടിരുന്ന കാലത്തുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രേതത്തെ പേടിച്ചോടിയ ധര്‍മ്മജന് ഒരിക്കല്‍ പറ്റിയ അബദ്ധത്തെ കുറിച്ചാണ് പിഷാരടി ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.
എന്നും രാത്രിയില്‍ വീടിന് സമീപം ഇറങ്ങുന്ന ധര്‍മജന്‍ തന്നോട് എന്തെങ്കിലുമൊക്കെ സംസാരിച്ച് വീട്ടിലേക്ക് നടക്കുമെന്നും വീടെത്തി ലൈറ്റിടു ന്നതുവരെ അവന്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കുമെന്നും പിന്നീടാണ് ഇതിന് പിന്നിലെ സംഗതി തനിക്ക് മനസിലായതെന്നും പിഷാരടി പറയുന്നു.
‘മെയിന്‍ റോഡില്‍ നിന്ന് അല്പം ഉള്ളിലേക്ക് കയറിയാണ് അവന്റെ വീട്. ചെറിയ ഒരു ഇടവഴി. ആ വഴിയില്‍ മറ്റൊരു വീടുകൂടെയുണ്ട്. ബൈക്കില്‍ നിന്ന് ഇറങ്ങുന്ന ധര്‍മജന്‍ എന്നോട് എന്തെങ്കിലുമൊക്കെ സംസാരിച്ച് വീട്ടിലേക്ക് നടക്കും. വീടെത്തി ലൈറ്റിടുന്നതുവരെ അവന്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരിക്കും.
പിന്നീടാണ് എനിക്ക് സംഗതി മനസ്സിലായത്. ഇരുട്ടത്ത് വീട്ടിലോട്ട് നടക്കാന്‍ അവന് ഭയമാണ്. വീടെത്തുന്നതുവരെ ഞാന്‍ മെയിന്‍ റോഡില്‍ നില്‍ക്കണം, അവന് ഒരു ധൈര്യത്തിന്. അതിനുവേണ്ടിയാണ് വീടെത്തുന്നതുവരെ ഓരോ വിഷയങ്ങളുണ്ടാക്കി സംസാരിച്ചുകൊണ്ടിരിക്കുന്നത്.
ഒരുദിവസം ഇടവഴിയുടെ തിരിവില്‍ ധര്‍മജനെ ഇറക്കിയ ഞാന്‍ ബൈക്ക് വളച്ചു. അവന്‍ വീടെത്തി ലൈറ്റ് ഓണാക്കുന്നതുവരെ ഞാന്‍ പോകരുതെന്നും ബൈക്കിന്റെ പ്രകാശം ഇടവഴിയിലേക്ക് തിരിച്ചുവയ്ക്കണം എന്നും അവന്‍ ആവശ്യപ്പെട്ടു. പോരാത്തതിന് അന്ന് ഒരു വെള്ളിയാഴ്ചയും. പുലര്‍ച്ചെ ഏകദേശം രണ്ടു മണിയാണ് സമയം.
ഇനിയും ഒരുമണിക്കൂറോളം ബൈക്കോടിച്ചാലേ എനിക്ക് വീടെത്താന്‍ സാധിക്കൂ. അതുകൊണ്ട് ഇന്ന് ഒരുദിവസത്തേക്ക് നീ ക്ഷമിക്കണം എന്നും പറഞ്ഞ് ഞാന്‍ ബൈക്ക് വളച്ചു. ചെരുപ്പുകള്‍ രണ്ടും ഊരിപ്പിടിച്ച് ഓ… എന്നൊരു ശബ്ദവും ഉണ്ടാക്കി ഇടവഴിയിലൂടെ ധര്‍മജന്‍ പാഞ്ഞു. സെക്കന്റുകള്‍ക്കുള്ളില്‍ അവന്‍ വീടെത്തി ലൈറ്റിട്ടു. അന്ന് ഹുസൈന്‍ ബോള്‍ട്ട് ഫീല്‍ഡിലില്ല.
പിറ്റേന്ന് ധര്‍മജന്‍ എത്തുന്നതിന് മുന്‍പുതന്നെ ട്രൂപ്പിലുള്ള എല്ലാവരോടും അവന്റെ ഓട്ടത്തിന്റെ കഥ പറഞ്ഞു. ഈ പ്രായത്തിലും പ്രേതത്തെ പേടിക്കുന്നതിന്റെ കാര്യം പറഞ്ഞ് എല്ലാവരും അവനെ കളിയാക്കിക്കൊല്ലാന്‍ തീരുമാനിച്ചു. പക്ഷേ, നെറ്റിയില്‍ ചെറിയൊരു മുഴയുമായാണ് ധര്‍മജന്‍ എത്തിയത്. ഓട്ടത്തിനിടയില്‍ ഏതോ കമ്പില്‍ ആഞ്ഞ് തട്ടിയത്രേ. തത്കാലം മുഴ അവനെ രക്ഷിച്ചു.
അന്ന് എറണാകുളത്തുതന്നെയായിരുന്നു പ്രോഗ്രാം. 9 മണി കഴിയുമ്പോഴേക്കും പരിപാടി തീര്‍ന്നു. ധര്‍മജനെ ഇടവഴിയിലിറക്കി ബൈക്ക് തിരിക്കുമ്പോഴേക്കും അതാ വരുന്നു ഒരു ആംബുലന്‍സ്. അതില്‍നിന്ന് ധര്‍മജന്റെ അയല്‍പക്കത്ത് താമസിക്കുന്ന 76 വയസ്സു കഴിഞ്ഞ ഒരു മുത്തച്ഛനെ സ്ട്രക്ച്ചറില്‍ കിടത്തിയിറക്കുന്നു. ശരീരമാസകലം പഞ്ചറാണ്.
”എന്ത് പറ്റിയതാ, കൂടെയുണ്ടായിരുന്നയാളോട് എന്റെ ചോദ്യം. അറ്റാച്ച്ഡ് ബാത്ത്‌റൂം ഉണ്ട്, എന്നാലും പാതിരാത്രി മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങും. കാലു തെറ്റിയെങ്ങാണ്ട് വീണതാ. അയാളുടെ മറുപടി.
സ്ട്രക്ച്ചറില്‍ പാതിബോധാവസ്ഥയില്‍ ആ മുത്തച്ഛന്‍ എന്നോട് പറഞ്ഞു. ‘ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, രാത്രി ഈ ഇടവഴിയില്‍ തേരോട്ടം ഉണ്ട്.’, രമേഷ് പിഷാരടി കുറിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക