| Friday, 3rd March 2023, 2:53 pm

പെണ്ണുങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍, ചേട്ടനാണ് എന്റെ ഗുരുനാഥനെന്ന് അവന്‍ വിളിച്ച് പറഞ്ഞു: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം നാട്ടില്‍ സ്റ്റേജ് പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴുണ്ടായ ഒരു രസകരമായ സംഭവത്തെ കുറിച്ച് വിവരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്റെ പരിപാടിയുടെ ഇടവേളയില്‍ നാട്ടിലുള്ള ഒരു പയ്യന്‍ ഡാന്‍സ് കളിക്കാന്‍ സ്‌റ്റേജില്‍ കയറിയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്.

ഡാന്‍സ് തുടങ്ങിയപ്പോള്‍ മുതല്‍ ഒരേ സ്‌റ്റെപ്പ് തന്നെയാണ് അവന്‍ കളിച്ചതെന്നും അതുകൊണ്ട് തന്നെ നല്ല കൂവല്‍ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. കൂവല്‍ കിട്ടി സ്റ്റേജില്‍ നിന്നും ഇറങ്ങി പോരുന്ന വഴി കണ്ണന്‍ ചേട്ടനാണ്(രമേഷ്) തന്റെ ഗുരുവെന്ന് അവന്‍ പറഞ്ഞുവെന്നും രമേഷ് പിഷാരടി പറഞ്ഞു. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കല്‍ ഞാന്‍ നാട്ടില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നു. എന്റെ പ്രോഗ്രാം തുടങ്ങി കഴിഞ്ഞപ്പോള്‍ സ്‌റ്റേജിന്റെ രണ്ട് സൈഡിലും ആളുകള്‍ നിറഞ്ഞു. ഗ്രീന്‍ റൂമില്‍ നിന്നൊക്കെ ആളുകള്‍ ഇറങ്ങി വന്ന് പരിപാടി കാണുന്ന രീതിയിലൊക്കെ അത് വിജയിച്ചു.

എന്റെ പരിപാടിയുടെ ഇടയില്‍ ചെറിയ ബ്രേക്ക് വന്നപ്പോള്‍ അവിടെയുള്ള ഒരു പയ്യന്‍ ഡാന്‍സ് കളിക്കാന്‍ വന്നു. അതിന്റെ ഇടയില്‍ പരിപാടി കാണാന്‍ വന്നവരോടൊക്കെ ഞാന്‍ സംസാരിച്ചു. ചില പെണ്ണുങ്ങള്‍ക്കൊക്കെ ഓട്ടോഗ്രാഫ് എഴുതി കൊടുക്കുകയുമൊക്കെ ചെയ്തു.

അങ്ങനെ നില്‍ക്കുമ്പോഴാണ് വേദിയില്‍ നിന്നും കൂവല്‍ കേള്‍ക്കുന്നത്. എന്റെ നാല് വീടിന്റെ അപ്പുറത്തുള്ള ഒരു പയ്യനാണ് സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നത്. തുടങ്ങിയപ്പോള്‍ മുതല്‍ തീരുന്നത് വരെ അവന്‍ ഒരു സ്‌റ്റെപ്പ് തന്നെയാണ് കളിക്കുന്നത്.

ആളുകള്‍ ഇപ്പോള്‍ ഇവന്‍ സ്‌റ്റെപ്പ് മാറ്റും മാറ്റുമെന്ന് നോക്കിയിരുന്നു. പിന്നെയും അവന്‍ അത് തന്നെ കളിച്ചുകൊണ്ടിരുന്നു. പിന്നെ ആളുകള്‍ നിര്‍ത്താതെ കൂവാന്‍ തുടങ്ങി. കൂവല്‍ കനത്തപ്പോള്‍ ചെക്കന്റെ അച്ഛന്‍ ഡാന്‍സ് പകുതിയില്‍ അവസാനിപ്പിച്ച് അവനെ വിളിച്ചിറക്കികൊണ്ട് പോയി.

അവന്റെ കയ്യില്‍ പിടിച്ചുകൊണ്ട് അച്ഛന്‍ പോകുകയായിരുന്നു. അപ്പോള്‍ അവിടെ ഞാന്‍ പരിപാടിക്കുള്ള സ്‌ക്രിപ്റ്റ് നോക്കികൊണ്ടിരിക്കുകയായിരുന്നു. എന്നെ നാട്ടില്‍ കണ്ണന്‍ എന്നാണ് വിളിക്കുന്നത്. ഇവനിങ്ങനെ പോകുന്ന പോക്കില്‍ പെണ്ണുങ്ങളുടെ നടുക്ക് നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍ കണ്ണന്‍ ചേട്ടാ എന്ന് വിളിച്ചു.

ഞാന്‍ ആണെങ്കില്‍ വിളിയും കേട്ടു. അപ്പോള്‍ എല്ലാവരും കേള്‍ക്കെ ഇവന്‍ പറയുകയാണ് എന്റെ ഗുരുനാഥനാണ് കണ്ണന്‍ ചേട്ടനെന്ന്. ഞാന്‍ അവനെ ഒന്നും പഠിപ്പിച്ചിട്ടില്ല. എന്നിട്ടാണ് ഇവന്‍ ഈ പേട്ട് ഡാന്‍സ് കളിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും വെറുതെ നിന്ന എന്റെ തലയില്‍ വെച്ച് തന്നത്,’ രമേഷ് പിഷാരടി പറഞ്ഞു.

content highlight: actor ramesh pisharody about stage programme

We use cookies to give you the best possible experience. Learn more