മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും മിമിക്രി ആര്‍ട്ടിസ്റ്റുമാണ് രമേഷ് പിഷാരടി. 2007ല്‍ പുറത്തിറങ്ങിയ നസ്രാണി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വ്യത്യസ്ത വേഷങ്ങളിലൂടെ പിഷാരടി സിനിമയില്‍ തിളങ്ങിയിട്ടുണ്ട്.
അനിയത്തിപ്രാവിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് രമേഷ് പിഷാരടി കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
‘ഇഷ്ടം കൂടുതലുള്ളവര്‍, ഇഷ്ടം കുറഞ്ഞവര്‍. ഇവരേയുള്ളു നിങ്ങള്‍ക്ക് ഇഷ്ടം ഇല്ലാത്തവരില്ല. എന്റെ അസൂയയ്ക്ക് 25 വയസായി. വെറുക്കാനൊരു കാരണം തരൂ മിഷ്ടര്‍,” എന്നായിരുന്നു ചിത്രത്തിന് പിഷാരടി നല്‍കിയ അടിക്കുറിപ്പ്.
ആ ചിത്രത്തെ കുറിച്ചും തനിക്ക് കുഞ്ചാക്കോ ബോബനോട് അസൂയയാണെന്നും പറയുകയാണ് രമേഷ് പിഷാരടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പട സിനിമ കണ്ട് തിരിച്ചുവരുമ്പോള്‍ എടുത്ത ഫോട്ടോയാണത്. ഞാന്‍ പൊതുവെ ഇവരുടെ കൂടെ എടുക്കുന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറില്ല. ആ സമയത്ത് അനിയത്തിപ്രാവിന്റെ 25ാം വാര്‍ഷികമായിരുന്നു. ആ ദിവസമാണ് ഈ ചിത്രം ഞാന്‍ പങ്കുവെച്ചതെന്നും രമേഷ് പിഷാരടി പറഞ്ഞു.
‘എനിക്കിയാളോട് വലിയ അസൂയയായിരുന്നു. നമ്മള്‍ കോളേജിലൊക്കെ പഠിക്കുമ്പോള്‍ പെണ്ണുങ്ങള്‍ മുഴുവന്‍ കുഞ്ചാക്കോ ബോബന്‍ എന്ന് പറഞ്ഞ് ഓട്ടോഗ്രാഫ് ബുക്കിന്റെ കവറിലും അതിലും ഇതിലുമൊക്കെ ഇയാളെ കൊണ്ട് വലിയ ഉപദ്രവമായിരുന്നു. അപ്പോള്‍ എനിക്ക് വലിയ അസൂയയായിരുന്നു. അതാണ് ആ ചിത്രത്തിന് അസൂയയുടെ 25 വര്‍ഷം എന്ന് ക്യാപ്ഷനിട്ടതും,’ രമേഷ് പിഷാരടി വ്യക്തമാക്കി.
അതേസമയം, നിതിന്‍ ദേവദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റെമോ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ.ആര്‍. മിഥുന്‍ ആണ്. കെ.ആര്‍. രാഹുല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.
Content Highlights: Actor Ramesh Pisharody about Kunchacko Boban