| Wednesday, 4th January 2023, 10:12 pm

മന്തിയില്‍ രണ്ട് ചെറിയ മുട്ട ഇരിക്കുന്നത് കണ്ട് എന്തിന്റെയാണെന്ന് ചോദിച്ചു, അത് കുയിലിന്റെ മുട്ടയാണെന്ന് അയാള്‍ പറഞ്ഞു: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുബായിലെ ഒരു ഹോട്ടലില്‍ വെച്ച് തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ രമേഷ് പിഷാരടി. മന്തിയില്‍ രണ്ട് ചെറിയ മുട്ടയിരിക്കുന്നത് കണ്ട് ചോദിച്ചപ്പോള്‍ കുയിലിന്റെ മുട്ടയാണെന്നാണ് വിളമ്പാന്‍ വന്നയാള്‍ പറഞ്ഞതെന്നും പറയുകയാണ് പിഷാരടി. അപ്പോള്‍ കൂടുതല്‍ അത്ഭുതമായെന്നും സംസാരിച്ച് വന്നപ്പോഴാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞു.

‘ദുബായില്‍ എനിക്കൊരു സുഹൃത്തുണ്ട്. അവിടെ ഒരു മന്തിക്കടയുണ്ട്. ഒരു മലയാളി വിളമ്പാന്‍ നിക്കുന്ന കടയാണ്. വിളമ്പിയ മന്തിയില്‍ രണ്ട് ചെറിയ മുട്ട ഇരിക്കുന്നുണ്ട്. വിളമ്പാന്‍ വന്നവനോട് എന്തിന്റെ മുട്ടയാണെന്ന് ഞാന്‍ ചോദിച്ചു. അത് കുയിലിന്റെ മുട്ടയാണെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് എവിടുന്നാണ് കുയിലിന്റെ മുട്ട കിട്ടിയതെന്ന ഞാന്‍ കൗതുകത്തോടെ ചോദിച്ചു. ഫാം ഉണ്ടെന്ന് പുള്ളി പറഞ്ഞു. ഇത്രയും നാള്‍ ദുബായിലുണ്ടായിട്ടും അങ്ങനെയൊരു പരിപാടി എനിക്കറിയില്ല.

കുയില്‍ കാക്കയുടെ കൂട്ടിലല്ലേ മുട്ടയിടുന്നത്, പിന്നെ തനിക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ കാടയുടെ ഇംഗ്ലീഷാണ് കുയിലെന്ന് (quail) പറഞ്ഞു. കാടക്കോഴിക്ക് ഇംഗ്ലീഷില്‍ കുയിലെന്നാണ് പറയുന്നത്. എന്തോ ഉച്ഛാരണ പ്രശ്‌നമുണ്ട്. എന്നാലിയാള്‍ക്ക് കാട എന്ന് പറഞ്ഞാല്‍ പോരേ. ഞാനും മലയാളി അയാളും മലയാളി. കുയിലിന്റെ മുട്ട എന്ന് പറയുമ്പോള്‍ നമ്മള്‍ കാടയുടെ ഇംഗ്ലീഷാണ് എന്ന് വിചാരിക്കില്ലല്ലോ,’ പിഷാരടി പറഞ്ഞു.

മാളികപ്പുറമാണ് ഒടുവില്‍ റിലീസ് ചെയ്ത രമേഷ് പിഷാരടിയുടെ ചിത്രം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകനായത്. കല്ലു, ദേവനന്ദ, മനോജ് കെ. ജയന്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സമ്പത് റാം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് മാളികപ്പുറത്തിന്റെ നിര്‍മാണം.

Content Highlight: Actor Ramesh Pisharadi is sharing an interesting experience he had at a hotel in Dubai

We use cookies to give you the best possible experience. Learn more