തിരുവല്ല: പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി നടന്‍ രാജീവ് പിള്ള. സ്വന്തം വിവാഹം മാറ്റിവെച്ചാണ് രാജീവ് പിള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. നാലു ദിവസം മുമ്പായിരുന്നു നടന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്‍ജിനിയറിങ് ബിരുദധാരിയായ അജിതയാണ് രാജീവിന്റെ വധു.
സ്വന്തം നാടായ തിരുവല്ലയില്‍ ആളുകള്‍ വെള്ളപ്പൊക്കത്തിലാണെന്ന് അറിഞ്ഞതോടെ വിവാഹം മാറ്റിവെച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി ഇറങ്ങുകയായിരുന്നു. തിരുവല്ലയിലെ നന്നൂര്‍ ഗ്രാമത്തിലാണ് രാജീവിന്റെ വീട്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഒരു ചങ്ങാടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
“എന്റെ വീടിന്റെ അടുത്ത് നിന്ന് 500 മീറ്റര്‍ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് മാത്രമാണ് പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തില്ല, കൈയില്‍ കിട്ടിയതുപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 48 മണിക്കൂറും വെള്ളത്തില്‍ തന്നെയായിരുന്നു.”രാജീവ് പറയുന്നു.
രണ്ട് സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടായിരുന്നത്. ചില രോഗികള്‍ക്ക് എല്ലാ ദിവസവും ഡയാലിസിസ് ചെയ്യേണ്ടവരാണ്. മരുന്നുകള്‍ അത്യാവശ്യമായിരുന്നു പലര്‍ക്കും. ഇത് നമ്മുടെ കടമയാണ്, ഹീറോയിസമല്ല. ആരാണെങ്കിലും ഇങ്ങനയെ ചെയ്യൂ. ഈ സമയത്ത് ആര്‍ക്കെങ്കിലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമോ?. ഇവിടെയാണ് നമ്മുടെ ആവശ്യം. രാജീവ് പിള്ള പറഞ്ഞു.
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ സഹായവും രാജീവ് ലഭ്യമാക്കിയിരുന്നു. ക്യാംപിലേയ്ക്ക് വേണ്ട മരുന്നും മറ്റ് വസ്തുക്കളും ഇര്‍ഫാന്‍ കൊടുത്തയച്ചിരുന്നു. വധുവാകാന്‍ പോകുന്ന അജിത ആലുവ സ്വദേശിയാണ്. ഇരുവരുടെയും വിവാഹം തീരുമാനിച്ചിട്ട് ഇപ്പോള്‍ മൂന്നുമാസമാകുന്നു. വിവാഹം സ്വകാര്യമാണെന്നും 10 പേരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂവെന്നും അടുത്ത മാസം വിവാഹം ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.