ചെന്നൈ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത്. സന്യാസിമാരുടെയും യോഗിമാരുടെയും കാലില്‍ വീഴുന്നത് തന്റെ ശീലത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യന്‍ യാത്രക്ക് ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു രജിനികാന്ത്.
‘ഒരു സന്യാസിയായാലും യോഗിയായാലും, അവര്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരായാലും അവരുടെ കാല്‍ക്കല്‍ വീഴുന്നത് എന്റെ ശീലമാണ്. ഞാന്‍ അതാണ് ചെയ്തത്,’ രജിനികാന്ത് പറഞ്ഞു.
ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം യു.പി മുഖ്യമന്ത്രിയുടെ ലഖ്നൗവിലെ വസതിയിലെത്തിയപ്പോഴാണ് രജിനികാന്ത് യോഗിയുടെ കാല്‍ തൊട്ട് വന്ദിച്ചത്. ഈ നടപടിയില്‍ നടനെതിരെ വലിയ വിമര്‍ശനം നടനെതിരെ ഉയര്‍ന്നിരുന്നു.
തമിഴ് ജനതയെ നാണം കെടുത്തി, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായിപ്പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടനെതിരെ ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ താരം വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്.
’51 കാരനായ യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊടുന്ന 72 കാരനായ രജിനികാന്ത് കാലില്‍ വീഴുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പോലും ന്യായീകരണമില്ല. യോഗി എട്ട് വയസുള്ളപ്പോഴും രജിനികാന്ത് തമിഴ്നാട്ടില്‍ സൂപ്പര്‍ സ്റ്റാറായിരുന്നു,’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു കമന്റ്.
അതേസമയം, യോഗിക്കൊപ്പമാകും ജയിലര്‍ രജിനി കാണുകയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിക്കൊപ്പമാണ് രജിനി സിനിമ കണ്ടത്. ഞായറാഴ്ച അയോധ്യയും സന്ദര്‍ശിച്ച ശേഷമാണ് രജിനി ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്.
Content Highlight: Actor Rajinikanth Explains The Incident Of Bowing By Touching UP Chief Minister Yogi Adityanath’s Feet