| Friday, 20th September 2024, 10:33 pm

'രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ല'; ഉദയനിധിയെ സംബന്ധിച്ച ചോദ്യത്തില്‍ മാധ്യമങ്ങളോട് രജിനികാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ രജിനികാന്ത്. ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന തീരുമാനത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് രജനികാന്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.

തന്റെ പുതിയ സിനിമയായ വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിനായി ചെന്നൈയിലെത്തിയ രജിനികാന്തിനോടാണ് മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചത്. എന്നാല്‍ ‘രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ല’ എന്ന് അദ്ദേഹം പ്രതികരിക്കുകയായിരുന്നു.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന തീരുമാനമുണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മകന്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സൂചനയും നല്‍കിയിരുന്നു.

നിലവില്‍ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ ഉദയനിധി. അതേസമയം നടന്‍ വിജയ് സംസ്ഥാനത്ത് പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന തീരുമാനമുണ്ടാകുന്നത്.

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാകുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഉദയനിധിയും ഉപമുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്.

ഡി.എം.കെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയും സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെയും നിരന്തരമായി തമിഴ്‌നാട്ടില്‍ നിന്ന് സംസാരിക്കുന്ന യുവനേതാവ് കൂടിയാണ് ഉദയനിധി സ്റ്റാലിന്‍.

അതേസമയം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള നടനാണ് രജിനികാന്ത്. മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന നടന്‍ കൂടിയാണ് അദ്ദേഹം. വിവിധ കാലഘട്ടങ്ങളിലായി പല മുന്നണികള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിക്കും രജിനിപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയുണ്ടായി. 2021ല്‍ തന്റെ പാര്‍ട്ടിയായ രജനി മക്കള്‍ മന്ദ്രം (ആര്‍.എം.എം) പിരിച്ചുവിട്ടത് സജീവ രാഷ്ട്രീയത്തിലേക്കുള്ള രജനികാന്തിന്റെ വരവിനുള്ള സൂചനയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.

Content Highlight: Actor Rajinikanth does not comment on political issues

We use cookies to give you the best possible experience. Learn more