| Saturday, 12th December 2020, 12:41 pm

'ചെന്നൈക്ക് യാത്ര തിരിച്ചപ്പോള്‍ അവന്റെ ചെയിന്‍ എനിക്ക് ഊരി നല്‍കി, മിച്ചം പിടിച്ച ശമ്പളം എല്ലാ മാസവും അയച്ചു' ; ജീവിത്തിലെ യഥാര്‍ത്ഥ 'ബാലനെ' കുറിച്ച് രജനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍ നായകനായി 2007ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കഥപറയുമ്പോള്‍, അദ്ദേഹം തന്നെ സ്‌ക്രിപ്റ്റ് എഴുതിയ ചിത്രം നൂറ് ദിവസത്തിലധികമാണ് തിയേറ്ററില്‍ ഓടിയത്.

പിന്നീട് ചിത്രം കണ്ട രജനികാന്ത് ഈ ചിത്രം തമിഴില്‍ കുസേലന്‍ എന്ന പേരില്‍ എടുത്തിരുന്നു. തന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടായിരുന്നു രജനിക്ക് ഈ സിനിമ അത്രയും ഇഷ്ടപ്പെട്ടത്.

സിനിമാഭ്രാന്തനായ രജനിയോട് സിനിമയില്‍ അഭിനയിക്കണമെന്നും അതിനായി ചെന്നൈയിലേക്ക് പോകണമെന്നും നിര്‍ബന്ധം പിടിച്ചത് രജനിയുടെ ആത്മാര്‍ത്ഥ സുഹൃത്തും കര്‍ണാടക ആര്‍.ടി.സിയില്‍ ഡ്രൈവറായിരുന്ന രാജ് ബഹദൂര്‍ ആയിരുന്നു.

അന്ന് ശിവാജി റാവു ഗേക്ക്‌വാദ് ആയിരുന്ന ശിവാജി സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചും തന്റെ ആഗ്രഹങ്ങളെ കുറിച്ചും നിരന്തരമായി രാജ് ബഹാദുറുമായിട്ടായിരുന്നു സംസാരിക്കാറ്.

ആയിടയ്ക്കാണ് മദ്രാസിലെ സൗത്ത് ഇന്‍ഡ്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പരസ്യം പ്രതത്തില്‍ വന്നത്. സിനിമ പഠിക്കാനുള്ള കോഴ്‌സുകളുടെ കൂട്ടത്തില്‍ അഭിനയവും ഉണ്ടായി രുന്നു. പ്രമുഖ സിനിമാസംവിധായകര്‍ ഇടയ്ക്കിടെ ക്ലാസ്സെടുക്കാന്‍ എത്തുമെന്നും അറിഞ്ഞതോടെ അപേക്ഷിക്കാന്‍ തീരുമാനിച്ചു.

ഒരു നാടകത്തിന്റെ റിഹേഴ്‌സലിനിടയ്ക്കാണ് ശിവാജിയും കൂട്ടരും ഈ പരസ്യം കാണുന്നത്. അടുത്തദിവസം തന്നെ രാജബഹദൂര്‍ ശിവാജീയെ ഒരു സ്റ്റുഡിയോയില്‍ കൊണ്ടുപോയി പല പോസിലുള്ള ഫോട്ടോകള്‍ എടുപ്പിച്ചു. അന്ന് ക്യാമറയ്ക്കു മുന്നില്‍ ഫോട്ടോകള്‍ എടുക്കാന്‍ രാജബഹദൂറാണ് പോസുകള്‍ പറഞ്ഞു കൊടുത്തത്. പിന്നീട് ഫോട്ടോകള്‍ സഹിതം ശിവാജി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ അയക്കുകയായിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കണമെങ്കില്‍ കുറേനാള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കണം. മദ്രാസിലെ താമസത്തിനും ഫീസിനും പണം വേണമെന്നൊക്കെ ശിവാജി പറഞ്ഞപ്പോള്‍ രാജ്ബഹദൂര്‍ വീണ്ടും ശിവാജിയെ ആശ്വസിപ്പിച്ചു.

‘എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ചെയ്യാം നീ പോവാതിരുന്നാല്‍ വല്ല കണ്ടക്ടറോ ഡ്രൈവറോ ആയിട്ടുതന്നെ ജീവിതം മുഴുവന്‍ ഇരിക്കണം. വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഇന്‍ക്രിമെന്റ് അതുതന്നെ, നമ്മളുടെ കൂട്ടത്തില്‍ നിന്നെപ്പോലൊരുവന്‍ സിനിമയിലൊക്കെ എത്തി പേരെടുത്താല്‍ അതു ഞങ്ങള്‍ക്കുകൂടി പ്രശസ്തി ഉണ്ടാക്കും, ഞങ്ങടെ കൂടെയുണ്ടായിരുന്നവന്‍ ഇപ്പോ ഈ നിലയിലെത്തിയെന്നു പറഞ്ഞ് സന്തോഷിക്കാം,’ ആദ്യം രണ്ടുമാസത്തേക്ക് ലീവെഴുതിക്കൊടുക്കാനും പിന്നീട് ഇടയ്ക്കിടെ വന്ന് ജോയിന്‍ ചെയ്തിട്ട് ലീവ് നീട്ടിയെടുക്കാമെന്നും രാജ ബഹദൂര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പിന്നീട് ട്രെയിനില്‍ ചെന്നൈക്ക് പോകാന്‍ നേരം രാജ്ബഹദൂര്‍ തന്റെ കഴുത്തില്‍ കിടന്ന ചെയിന്‍ എടുത്ത് ശിവാജിക്ക് ഇട്ടുകൊടുത്തു. അത് വാങ്ങാന്‍ മടിച്ച ശിവാജിയെ രാജ്ബഹദൂര്‍ നിര്‍ബന്ധിച്ചു. ‘നിയിട്ടോ നിനക്ക് എപ്പോഴെങ്കിലും ഉപയോഗം വരും’ എന്നായിരുന്നു രാജ് ബഹദൂര്‍ പറഞ്ഞത്.

ഇതിന് പുറമെ മാസം തോറം തന്റെ ശമ്പളമായ 320 രൂപയില്‍ നിന്ന് 120 രൂപ എല്ലാ മാസവും ശിവാജിക്ക് രാജ്ബഹദൂര്‍ അയച്ചു കൊടുത്തു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കാലഘട്ടത്തില്‍ താന്‍ ജീവിച്ച് പോയത് ഈ കാശ് കൊണ്ടായിരുന്നു എന്നാണ് രജനികാന്ത് തന്റെ ജീവചരിത്രത്തില്‍ പറയുന്നത്.

‘ചിലപ്പോള്‍ ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ ഞാന്‍ അവന്‍ തന്ന ചെയിന്‍ പണയം വെയ്ക്കും. വീണ്ടും എടുക്കും. ഇത് പലതവണ നടന്നു. അപൂര്‍വ്വരാഗങ്ങള്‍, മുന്‍ മുടിച്ച് എന്നിവയില്‍ ഞാന്‍ ആ ചെയിന്‍ ഇട്ടോണ്ടാണ് അഭിനയിച്ചിട്ടുള്ളത്. ഒരു പടത്തിന്റെ സ്റ്റണ്ടിനിടയില്‍ അതു പലതായി പൊട്ടിപ്പോകുകയും ചെയ്തു’ എന്നാണ് രജനി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ ഏറെ പ്രശ്‌സതനായ ശേഷം രാജ്ബഹദൂറിനെ ഒരുപാട് പ്രാവശ്യം കൂടെ വന്ന് താമസിക്കാന്‍ രജനി നിര്‍ബന്ധിച്ചെങ്കിലും രാജ്ബഹദൂര്‍ സ്‌നേഹ പൂര്‍വ്വം അത് നിരസിച്ചു. പിന്നീട് ഇടയ്ക്ക് ഇടയ്ക്ക് തന്റെ സിനിമകളില്‍ ചെറിയ രംഗങ്ങളില്‍ രാജ്ബഹദൂറിനെ ശിവാജി വിളിക്കുകയും അതില്‍ അഭിനയിച്ചതിന് വലിയ പ്രതിഫലം അദ്ദേഹത്തിന് നല്‍കിയുമായിരുന്നു കടങ്ങള്‍ വീട്ടാന്‍ രജനി ശ്രമിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Rajinikanth Birthday Special Write Up. Rajinikanth talks about his Best friend

We use cookies to give you the best possible experience. Learn more