തെരഞ്ഞെടുപ്പില്‍ രജനി മത്സരിക്കുക തിരുവണ്ണാമലയില്‍ നിന്ന്; പാര്‍ട്ടി സമിതികളില്‍ 5 ശതമാനം സ്ത്രീ പ്രാതിനിധ്യം
tamil politics
തെരഞ്ഞെടുപ്പില്‍ രജനി മത്സരിക്കുക തിരുവണ്ണാമലയില്‍ നിന്ന്; പാര്‍ട്ടി സമിതികളില്‍ 5 ശതമാനം സ്ത്രീ പ്രാതിനിധ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 7:21 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ രജനികാന്ത് തിരുവണ്ണാമലയില്‍ നിന്ന് മത്സരിക്കുമെന്ന് സഹോദരന്‍ സത്യനാരായണ റാവു ഗേക്ക്‌വാദ്. രജനിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് തിരുവണ്ണാമല അരുണഗിരി നാഥര്‍ ക്ഷേത്രത്തില്‍ രജനിക്കായി മൃത്യുജ്ഞയ ഹോമം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവ നിശ്ചയമുണ്ടെങ്കില്‍, രജനീകാന്തിന്റെ കന്നി തെരഞ്ഞെടുപ്പ് മത്സരം തിരുവണ്ണാമലയില്‍ നിന്നാകുമെന്നായിരുന്നു സത്യനാരായണ റാവുവിന്റെ പ്രതികരണം.

നിലവില്‍ ഡി.എം.കെയുടെ ഇ.കെ വേലുവാണ് തിരുവണ്ണാമലയിലെ എം.എല്‍.എ. നേരത്തെ സഹോദരന്‍ സത്യനാരാണ റാവുവിന്റെ വസതിയില്‍ നേരിട്ടെത്തി രജനി അനുഗ്രഹം വാങ്ങിയിരുന്നു.

അതേസമയം രജനിയുടെ പാര്‍ട്ടിയില്‍ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് തീരുമാനം. ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 14 ന് തന്റെ പുതിയ ചിത്രത്തിനായി ഹൈദരാബാദിലേക്ക് പോകുന്ന രജനി ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തിയ്യതി അറിയിക്കുന്നതിനായിരിക്കും തിരികെയെത്തുക.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനികാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Rajini Kanth to contest from Thiruvannamalai; 5 per cent women representation in party committees