കാസര്‍ഗോഡുകാരെ അധിക്ഷേപിക്കുകയാണ്, ഒപ്പം ഇവിടുത്തെ നിയമങ്ങളെയും സര്‍ക്കാര്‍ സംവിധാനത്തെയും: രാജേഷ് മാധവന്‍
Entertainment news
കാസര്‍ഗോഡുകാരെ അധിക്ഷേപിക്കുകയാണ്, ഒപ്പം ഇവിടുത്തെ നിയമങ്ങളെയും സര്‍ക്കാര്‍ സംവിധാനത്തെയും: രാജേഷ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th April 2023, 4:43 pm

മയക്ക് മരുന്നിന്റെ ലഭ്യത വളരെ കൂടുതലായതുകൊണ്ടാണ് മലയാള സിനിമകള്‍ കാസര്‍ഗോഡ് കേന്ദ്രീകരിക്കുന്നതെന്ന നിര്‍മാതാവ് എം.രഞ്ജിത്തിന്റെ പ്രസ്താവനയോട് ഡൂള്‍ന്യൂസിലൂടെ പ്രതികരിക്കുകയാണ് നടന്‍ രാജേഷ് മാധവന്‍. എല്ലാതരത്തിലും പ്രശ്‌നമുള്ള പ്രസ്താവനയാണിതെന്നും ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടിയാണ് അദ്ദേഹം വിമര്‍ശിക്കുന്നതെന്നും ഡൂള്‍ന്യൂസിനോട് രാജേഷ് മാധവന്‍ പറഞ്ഞു.

‘ഏത് തരത്തില്‍ വായിച്ചാലും പ്രശ്‌നമുള്ള ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കാസര്‍ഗോഡ് നിന്നുണ്ടാകുന്ന സിനിമകളെയും, കാസര്‍ഗോഡ് നിന്ന് പോകുന്ന സിനിമാക്കാരെയും, കാസര്‍ഗോഡുകാരെ തന്നെയും അധിക്ഷേപിക്കുന്ന ധ്വനി ഏത് രീതിയില്‍ വായിച്ചാലും ആ പ്രസ്താവനയില്‍ കാണാന്‍ കഴിയും.

ഈ കാലഘട്ടത്തില്‍ എന്തുകൊണ്ടാണ് കാസര്‍ഗോഡന്‍ സിനിമകള്‍ ചര്‍ച്ചചെയ്യപ്പെടുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത്തരമൊരു സാഹചര്യത്തിലാണ് പുള്ളി ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നത്. അത് കാസര്‍ഗോഡന്‍ സിനിമകളുടെ സ്വഭാവത്തെ വേറൊരു രീതിയിലേക്ക് മാറ്റിയില്ലേ.

അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഭയങ്കരമായ മാനസിക പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെയൊക്കെ വീട്ടുകാര്‍ എന്താണ് ചിന്തിക്കുക. അത് മാത്രമല്ല ഇവിടെ നിന്നും ഇനി സിനിമയിലേക്ക് വരുന്ന ആളുകള്‍ക്ക് അതൊരു ഡീമോട്ടിവേഷനാണ്. അതുപോലെ കാസര്‍ഗോഡേക്ക് ജോലിക്ക് വരുന്ന ആളുകള്‍ പോലും ഇത് മോഹിച്ചാണ് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ പലരീതിയില്‍ പ്രശ്‌നമുള്ള പ്രസ്താവനയാണത്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അത് വിഷമമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളായിട്ട് മറ്റ് നടപടികളിലേക്കൊന്നും പോകുന്നില്ല. സ്വാഭാവികമായിട്ട് അത്തരം നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുള്ളി പറഞ്ഞിരിക്കുന്നത് പൊലീസുമൊക്കെയായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് അതൊരു സാംസ്‌കാരികമായ പ്രശ്‌നം മാത്രമല്ല. ഇവിടുത്തെ നിയമങ്ങളെയും ഗവണ്‍മെന്റിനെയുമൊക്കെയാണ് ആ പ്രസ്താവനയിലൂടെ അദ്ദേഹം വിമര്‍ശിക്കുന്നത്. ഈ പ്രദേശത്ത് ഇത്തരം ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യത കൂടുതലാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ എന്തായാലും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ രാജേഷ് മാധവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

content highlight: actor rajesh madhavan reacts producer ranjith’s comment against kasargode