മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
താന്‍ ധ്യാന്‍ ശ്രീനിവാസന്റെ ഇന്റര്‍വ്യൂ കാണാറുണ്ടെന്നും അത് ധ്യാനിനോട് പറഞ്ഞിട്ടുണ്ടെന്നും റഹ്‌മാന്‍ പറയുന്നു. ധ്യാന്‍ വളരെ ഓപ്പണ്‍ മൈന്‍ഡ് ആയിട്ടുള്ള ആളാണെന്നും ഇന്റര്‍വ്യൂവില്‍ ഉള്ളപോലെതന്നെയാണ് അദ്ദേഹത്തിന്റെ നേച്ചറെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ധ്യാന്‍ നിഷ്‌കളങ്കനാണെന്നും ആ രീതിയില്‍ തന്നെ പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും റഹ്‌മാന്‍ പറഞ്ഞു.
എല്ലാവരും മസില്‍ പിടിച്ചിരിക്കുമ്പോള്‍ ധ്യാന്‍ മാത്രം വളരെ ചില്ലായി തനിക്ക് പറയാനുള്ളത് യാതൊരുവിധ ഒളിവും മറയുമില്ലാതെ പറയുമെന്നും അത് കേട്ടിരിക്കാന്‍ രസമാണെന്നും റഹ്‌മാന്‍ പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ധ്യാനിനെ കണ്ടപ്പോള്‍ നിങ്ങളുടെ ഇന്റര്‍വ്യൂ കാണാറുണ്ട് അടിപൊളി ആണെന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. പുള്ളി ചെയ്യുന്ന ആ ഇന്റര്‍വ്യൂവില്‍ എല്ലാം ഉള്ളത് അദ്ദേഹത്തിന്റെ നേച്ചറാണ്, ക്യാരക്ടറാണ്. അദ്ദേഹം പൊതുവെ അങ്ങനെത്തന്നെയാണ്. വളരെ ഓപ്പണ്‍ മൈന്‍ഡഡ് ആണ് അദ്ദേഹം.
വളരെ നിഷ്‌കളങ്കനാണ്. ധ്യാന്‍ ആ ഒരു പാതയില്‍ തന്നെ പോകുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. അത് കാണാനും വളരെ രസമാണ്. ധ്യാനിന് ഒരു ഒളിവും മറവുമൊന്നും ഇല്ല. എല്ലാം തുറന്ന് പറയും എന്നാല്‍ ആരെയും കുറ്റപ്പെടുത്തുകയും ഇല്ല. നമ്മളൊക്കെ മസില്‍ പിടിച്ച് സംസാരിക്കുമ്പോള്‍ പുള്ളി മാത്രം വളരെ ചില്ലായി പറയുന്നത് കേള്‍ക്കാന്‍ തന്നെ രസമാണ്,’ റഹ്‌മാന്‍ പറയുന്നു.
ഒമര്‍ ലുലു സംവിധാനം നിര്‍വഹിച്ച ബാഡ് ബോയ്‌സ് എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുന്നു.
Content Highlight: Actor Rahman Talks About Dhyan Sreenivasan