സിനിമാമേഖലയിലും അഭിനേതാക്കളുടെ ലൈഫ്‌സ്റ്റൈലിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടന്‍ റഹ്‌മാന്‍. പണ്ട് കാരവാന്‍ ഉണ്ടായിരുന്നില്ലെന്നും ഇരിക്കാന്‍ പോലും തനിക്ക് ചെയര്‍ കിട്ടാറില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് പലപ്പോഴും കാരവാനിനകത്ത് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് പോലെയാണ് തോന്നാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ അഭിനേതാക്കളുടെയും ഇപ്പോഴത്തെ അഭിനേതാക്കളുടെയും ലൈഫ്‌സ്റ്റൈല്‍ ഒരുപോലെയാണോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് റഹ്‌മാന്‍ സംസാരിച്ചത്.
‘മുമ്പത്തെ അഭിനേതാക്കളുടെയും ഇപ്പോഴത്തെ അഭിനേതാക്കളുടെയും ലൈഫ്‌സ്റ്റൈല്‍ ഒരിക്കലും ഒരുപോലെയല്ല. ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. അന്ന് കാരവാനൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇരിക്കാന്‍ പോലും എനിക്ക് ചെയര്‍ കിട്ടാറില്ലായിരുന്നു. ഇരിക്കാന്‍ പറയും, പക്ഷെ ഇരിക്കാന്‍ ചെയര്‍ ഉണ്ടാവില്ല. അന്ന് ഞാന്‍ ചെറിയ പയ്യനായിരുന്നു.
ഇന്ന് ടെക്‌നോളജി ഒരുപാട് മാറിയിട്ടുണ്ട്. കാരവാന്‍ വന്നിട്ടുണ്ട്. എങ്കിലും ഞാനിന്ന് ഏറ്റവും മിസ് ചെയ്യുന്നകാര്യം പണ്ടത്തെ ആ കൂട്ടായ്മയാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും സംസാരിച്ചിരിക്കുന്നതുമെല്ലാം മിസ് ചെയ്യുന്നുണ്ട്. അതൊന്നും ഇന്നില്ല.
ഇന്ന് എല്ലാവരും ഒരു ഷോട്ട് കഴിഞ്ഞാലുടനെ കാരവാനിലേക്ക് കയറിയിരിക്കും. അതിനകത്തിരുന്ന് ഭക്ഷണം കഴിക്കും. പണ്ടുണ്ടായിരുന്നത് പോലെ ഇന്നാരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നില്ല. എനിക്ക് പലപ്പോഴും അതിനകത്തിരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് പോലെയാണ് തോന്നാറുള്ളത്.
അന്നൊക്കെ ഡ്രസ് മാറാന്‍ പോലുമുള്ള സ്ഥലമുണ്ടായിരുന്നില്ല. വീട്ടിലാണ് ഷൂട്ടെങ്കില്‍ മാത്രം ചിലര്‍ക്ക് റൂം കിട്ടും. ഞങ്ങളൊക്കെ പുറത്തെവിടെങ്കിലും നിന്നാണ് ഡ്രസ് മാറ്റുന്നത്. പലപ്പോഴും പബ്ലിക്കിന് മുന്നില്‍ വച്ചാകും. നമുക്ക് വേണ്ടി ചിലപ്പോള്‍ മരത്തിനോട് ചേര്‍ത്ത് നാല് ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി തരും. അതൊക്കെയായിരുന്നു ഒരുകാലം.
പണ്ടെനിക്ക് അഡ്രസ് ഉണ്ടായിരുന്നില്ല. ഞാന്‍ ഹോട്ടലുകളില്‍ നിന്ന് ഹോട്ടലുകളിലേക്ക് മാറികൊണ്ടിരിക്കാറാണ്. അന്ന് ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ സമയം മാത്രമെ ആവശ്യമുള്ളു. പത്തോ ഇരുപത്തിയഞ്ചോ ദിവസം കൊണ്ട് ഒരു സിനിമ തീര്‍ക്കും. അന്ന് നല്ല സിനിമകള്‍ കിട്ടിയിരുന്നത് ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്,’ റഹ്‌മാന്‍ പറയുന്നു.
Content Highlight: Actor Rahman Talks About Changes In Movies