ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ മലയാളം സീരീസാണ് ‘1000 ബേബീസ്’. നജീം കോയ സംവിധാനം ചെയ്യുന്ന ഈ ത്രില്ലര്‍ സീരീസ് നടന്‍ റഹ്‌മാന്റെ കരിയറിലെ ആദ്യ വെബ് സീരീസാണ്. റഹ്‌മാന് പുറമെ നീന ഗുപ്തയും ഈ സീരീസില്‍ എത്തുന്നുണ്ട്.
‘ഇത് എന്റെ ആദ്യത്തെ വെബ് സീരീസ് അനുഭവമാണ്. ഒ.ടി.ടി വന്ന ശേഷം നിരവധി ഓഫറുകള്‍ എനിക്ക് വന്നിരുന്നു. പല ഭാഷകളിലായി ഒരുപാട് കണ്ടന്റുകള്‍ എനിക്ക് വന്നിട്ടുണ്ടായിരുന്നു. വെബ് സീരീസ് എന്ന് കേള്‍ക്കുമ്പോള്‍ ചെറിയ ടി.വിയിലേക്ക് പോയെന്ന ചിന്തയായിരുന്നു അന്ന് ഉണ്ടായിരുന്നത്.
പക്ഷെ ഇപ്പോള്‍ കാലം മാറി. എല്ലാവരുടെയും ശ്രദ്ധ ഇപ്പോള്‍ ഒ.ടി.ടിയിലും വെബ് സീരീസിലുമാണ്. അങ്ങനെയുള്ള ഒരു സ്‌റ്റേജിലാണ് നജീം കോയ എന്റെ അടുത്തേക്ക് വരുന്നത്. അദ്ദേഹം ഇത് വെബ് സീരീസാണെന്ന് പറഞ്ഞിരുന്നില്ല. ഞാന്‍ സത്യത്തില്‍ ആദ്യം മനസില്‍ വിചാരിച്ചിരുന്നത് സിനിമയാകും എന്നാണ്.
പിന്നീടാണ് അദ്ദേഹം വെബ് സീരീസാണെന്ന് എന്നോട് പറയുന്നത്. ആദ്യം എനിക്ക് ചെറിയ ഒരു മടി ഉണ്ടായിരുന്നു. കാരണം എന്റെ കഥാപാത്രം എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു പൊലീസാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അയാള്‍ ഒരു കേസ് അന്വേഷിക്കുന്നതാണ് കഥയെന്നും പറഞ്ഞു. അതുകൊണ്ടായിരുന്നു ഞാന്‍ മടി കാണിച്ചത്.
ഒരുപാട് ചെയ്തിട്ടുള്ള കഥാപാത്രമാകും ഇതെന്ന് കരുതി വേറെ തരത്തിലുള്ള സബ്‌ജെക്ട് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. സാറ് ഈ കഥയൊന്ന് കേട്ട് നോക്കെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം കഥ പൂര്‍ണമായും പറയുന്നത്. അങ്ങനെ രണ്ട് ദിവസമെടുത്താണ് ഈ കഥ കേള്‍ക്കുന്നത്. കഥ കേട്ടപ്പോള്‍ ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല. ഇത് ചെയ്യാമെന്ന് പറയുകയായിരുന്നു,’ റഹ്‌മാന്‍ പറയുന്നു.
മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ് ‘1000 ബേബീസ്’. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നീ ആദ്യ നാല് വെബ് സീരീസുകള്‍ക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
ആദ്യ നാല് വെബ് സീരീസുകളുടെ ഴോണറുകളില്‍ നിന്ന് മാറി തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 ബേബീസ്’നുള്ളത്. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്പെന്‍സും നിറഞ്ഞ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസാകും ഇത്.
Content Highlight: Actor Rahman Talks About 1000 Babies