പത്മരാജൻ ഒരുക്കിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നടൻ റഹ്മാൻ. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് റഹ്മാൻ. ‘ഒരു മധുരക്കിനാവിൻ’ പാട്ടിലെ ചടുലമായ നൃത്തത്തിലൂടെയെല്ലാം നിരവധി ആരാധകർ റഹ്മാന് സ്വന്തമായിരുന്നു.
റൊമാന്റിക് ഹീറോ ഇമേജിൽ ആയിരുന്നു റഹ്മാൻ എന്നും തിളങ്ങിയിരുന്നത്. കരിയറിൽ ഒരു ഇടവേളയെടുത്ത് വീണ്ടും വന്നപ്പോഴും മലയാളികൾ ഇരുകൈയും നീട്ടിയാണ് റഹ്മാനെ വരവേറ്റത്.
പണ്ട് പല കോളേജുകളിലും സിനിമയുടെ ഷൂട്ടിങിന് പോകുമ്പോഴുണ്ടായ അനുഭവം പറയുകയാണ് റഹ്മാൻ. തന്നെ കാണുമ്പോൾ കുട്ടികൾ എല്ലാവരും അടുത്തേക്ക് വരുമെന്നും അതു കാരണം നല്ല രീതിയിൽ ക്ലാസ്സ് നടക്കാതെ വരാറുണ്ടെന്നും റഹ്മാൻ പറയുന്നു. പിന്നീട് ഒരു കോളേജിൽ തന്റെ സിനിമയുടെ ഷൂട്ടിന് പെർമിഷൻ കിട്ടിയില്ലായെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു റഹ്മാൻ.
‘ഞാൻ കോളേജിലൊക്കെ ഷൂട്ടിങിന് പോയാൽ എന്നെ കാണുമ്പോഴേക്കും അവിടെയുള്ള കൊച്ചു പെൺകുട്ടികൾ എന്റെ അടുത്ത് സംസാരിക്കാൻ വരും. അവർ വന്നിട്ട് ചേട്ടനെ ഒരുപാട് ഇഷ്ടമാണെന്ന് പറയും. ചില കുട്ടികൾ പറയും, എന്നെക്കാൾ ഇഷ്ട്ടം എന്റെ അമ്മയ്ക്കാണ്, ചേട്ടന്റെ വലിയ ഫാനാണ് എന്നൊക്കെ.
ഒന്നാമത് ഞാൻ അന്ന് ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം ലവ് ആംഗിൾസ് ഉള്ള വേഷങ്ങൾ ആയിരുന്നല്ലോ. പെൺകുട്ടിയെ വളയ്ക്കുന്നു, ബൈക്കിൽ കയറ്റുന്നു, നായികയെ അവരുടെ വിമൻസ് കോളേജിൽ നിന്ന് പിക്ക് ചെയ്ത് വരുന്നു. ആ സമയത്തുള്ള എന്റെ കഥാപാത്രങ്ങളെല്ലാം ആ ഒരു പശ്ചാത്തലത്തിൽ ആയിരുന്നു.
അന്നൊക്കെ എറണാകുളം സെന്റ് തെരേസാസിലൊക്കെ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. പിന്നെ എന്റെ പടങ്ങൾക്കൊന്നും അവിടെ ഷൂട്ട് ചെയ്യാൻ അനുവാദം കിട്ടിയിരുന്നില്ല. കോളേജ്ക്കാർ ഷൂട്ട് ബാൻ ചെയ്തു.
ഞാൻ ഷൂട്ടിന് ചെന്നപ്പോൾ കുട്ടികൾ എല്ലാം ക്ലാസ്സ് ഒഴിവാക്കി ഇറങ്ങി വന്നു. ആരും അറ്റൻഡ് ചെയ്തില്ല, ആകെ ബഹളമായി, അങ്ങനെ ഓരോ പ്രശ്നങ്ങളൊക്കെ കാരണം എന്റെ സിനിമകളുടെ ഷൂട്ടിന് അവിടെ ബാൻ കിട്ടിയിരുന്നു,’റഹ്മാൻ പറയുന്നു.
Content Highlight: Actor Rahman Talk About His Old Shooting Experience