| Monday, 16th September 2024, 1:17 pm

ആ നടനെ കണ്ട് പഠിക്കാനാണ് സുകുമാരി ചേച്ചി അന്നെന്നോട് പറഞ്ഞത്: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. പദ്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാജീവിതം ആരംഭിച്ച റഹ്‌മാന്‍ 80കളിലും 90കളിലും മലയാളത്തിലെ മുന്‍നിര നടനായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്ത് തമിഴിലും മലയാളത്തിലും മികച്ച സിനിമകളുടെ ഭാഗമായി. തിരിച്ചുവരവില്‍ ബാച്ചിലര്‍ പാര്‍ട്ടി, ധ്രുവങ്ങള്‍ പതിനാറ്, രണം, തുടങ്ങിയ സിനിമകളില്‍ റഹ്‌മാന്റെ പ്രകടനം മികച്ചതായിരുന്നു.

സിനിമയില്‍ നിറഞ്ഞുനിന്ന സമയത്ത് സുകുമാരി തനിക്ക് തന്ന ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍. കൈയില്‍ ഒരുപാട് സിനിമകളുമായി നിന്ന സമയത്താണ് സുകുമാരി തന്നെ ഉപദേശിച്ചതെന്ന് റഹ്‌മാന്‍ പറഞ്ഞു. സിനിമകളോടുള്ള കമ്മിറ്റ്‌മെന്റിന്റെ കാര്യം പ്രേം നസീറിനെ കണ്ടു പഠിക്കാനാണ് സുകുമാരി തന്നോട് ആവശ്യപ്പെട്ടതെന്ന് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. സെറ്റില്‍ വരുന്ന രീതിയും, കൂടെയുള്ള ആര്‍ട്ടിസ്റ്റുകളോടും ബാക്കിയുള്ളവരോടും പെരുമാറുന്ന രീതിയും കണ്ട് പഠിക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും റഹ്‌മാന്‍ പറഞ്ഞു.

താന്‍ ആ കാര്യങ്ങളൊക്കെ പ്രേം നസീറില്‍ നിന്ന് നോക്കി പഠിച്ചെന്നും ഒരു അളവ് വരെ സിനിമാജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് തന്റെ കരിയറിനെ ചെറിയ രീതിയില്‍ ബാധിച്ചെന്നും ഹാര്‍ഷാകേണ്ടിടത്ത് അങ്ങനെ ആകാന്‍ പറ്റാത്തത് ചെറിയ രീതിയില്‍ പ്രശ്‌നമായെന്നും റഹ്‌മാന്‍ പറഞ്ഞു. എന്നിരുന്നാലും അന്ന് കേട്ട ഉപദേശങ്ങള്‍ തനിക്ക് അന്ന് സഹായകമായിരുന്നെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലെത്തിയ സമയത്ത് എന്നെ സംബന്ധിച്ച് ഒരു പുതിയ ലോകത്ത് എത്തിയതുപോലെയായിരുന്നു. പദ്മരാജന്‍ സാറിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യുക എന്ന് പറഞ്ഞാല്‍ അത് വലിയൊരു സംഭവമാണ്. പിന്നീട് കൈനിറയെ സിനിമയായപ്പോള്‍ ചെറിയൊരു കണ്‍ഫ്യൂഷനുണ്ടായി. കറക്ടായിട്ടുള്ള ട്രാക്കിലൂടെയാണോ പോകുന്നതെന്ന് തോന്നി. ആ സമയത്ത് നമ്മളെക്കാള്‍ എക്‌സ്പീരിയന്‍സുള്ളവരുടെ ഉപദേശങ്ങള്‍ സഹായിച്ചിട്ടുണ്ടായിരന്നു. സുകുമാരി ചേച്ചി തന്ന ഉപദേശം അങ്ങനെയുള്ള ഒന്നായിരുന്നു.

പ്രേം നസീര്‍ സാറിനെ കണ്ട് പഠിക്കാനായിരുന്നു സുകുമാരി ചേച്ചി എന്നോട് പറഞ്ഞത്. സിനിമയോടുള്ള കമ്മിറ്റ്‌മെന്റും സെറ്റില്‍ കൂടെയുള്ള ആര്‍ട്ടിസ്റ്റുകളോടും ബാക്കിയുള്ളവരോടും എങ്ങനെ പെരുമാറണമെന്നും തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ നസീര്‍ സാറില്‍ നിന്ന് പഠിച്ചു. പക്ഷേ പിന്നീട് അതെന്റെ കരിയറിനെ ചെറുതായി ബാധിച്ചു. ഹാര്‍ഷാകേണ്ട സ്ഥലത്ത് ഹാര്‍ഷാകാത്തതുകൊണ്ട് ചെറിയ ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Actor Rahman shares the advice he got from Sukumari

We use cookies to give you the best possible experience. Learn more