| Wednesday, 15th December 2021, 6:41 pm

കൂടെനിന്ന് ധൈര്യം പകരാന്‍ പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം, അവിടേക്കാണ് ലാലേട്ടന്‍ വന്നത്; മോഹന്‍ലാലിന് നന്ദി പറഞ്ഞ് റഹ്‌മാന്റെ കുറിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്കും തമിഴ് സിനിമാപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍. 1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് റഹ്‌മാന്റെ മകള്‍ റുഷ്ദയുടെ വിവാഹമായിരുന്നു. കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം ചെന്നെയിലെ ഹോട്ടല്‍ ലീല പാലസില്‍ വെച്ചായിരുന്നു നടന്നത്.

സിനിമാരംഗത്തെ നിരവധി പ്രമുഖരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെല്ലാം വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലും ഭാര്യ സുചിത്രയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ലാലിന് നന്ദി പറഞ്ഞ് കുറിപ്പെഴുതിയിരിക്കുകയാണ് നടന്‍ റഹ്‌മാന്‍.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് താരം മോഹന്‍ലാലിനെ അഭിസംബോധന ചെയ്ത് കുറിപ്പ് പങ്കുവെച്ചത്.

മോഹന്‍ലാലും ഭാര്യ സുചിത്രയും മകളുടെ വിവാഹത്തിനെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം അവരോട് നന്ദി പറയുകയുമാണ് റഹ്‌മാന്‍.

‘എന്റെ പ്രിയപ്പെട്ട ലാലേട്ടന്, ജീവിതത്തില്‍ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവര്‍ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂര്‍വ നിമിഷങ്ങള്‍.
കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു.
മകളുടെ വിവാഹം.

ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകള്‍ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതല്‍ ഒരുപാട്. ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവര്‍ക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസികസംഘര്‍ഷങ്ങള്‍ വരെ.

കൂടെനിന്ന് ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം. അവിടേക്കാണ് ലാലേട്ടന്‍ വന്നത്.

ലാലേട്ടനൊപ്പം സുചിത്രയും, എന്റെ മോഹം പോലെ ഡ്രസ്‌കോഡ് പാലിച്ച്, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി, ഞങ്ങളെത്തും മുന്‍പ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെനിന്നു. സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി.

പ്രിയപ്പെട്ട ലാലേട്ടാ…സുചി… നിങ്ങളുടെ സാന്നിധ്യം പകര്‍ന്ന ആഹ്ലാദം വിലമതിക്കാനാവാത്തതാണ് ഞങ്ങള്‍ക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാര്‍ക്കാണ് ഇതുപോലെ കഴിയുക?

സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ, ഞങ്ങള്‍ക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി ഒരായിരം നന്ദി, സ്‌നേഹത്തോടെ
റഹ്‌മാന്‍, മെഹ്‌റുന്നിസ,” റഹ്‌മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുഹാസിനി, ലിസി, മേനക, ശോഭന, നദിയ മൊയ്തു, അംബിക, പാര്‍വതി, പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങീ മലയാളസിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാരെല്ലാം റഹ്‌മാന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Rahman’s post thanking Mohanlal on attending his daughter’s wedding

We use cookies to give you the best possible experience. Learn more