ഇതൊക്കെ വളിപ്പ് അല്ലേ ചേട്ടാ എന്ന് ഞാന്‍ ചോദിച്ച സീനുകള്‍ തിയേറ്ററില്‍ മാസായിട്ടാണ് വര്‍ക്ക് ചെയ്തത്; രാജമാണിക്യം വിജയിക്കുമെന്ന് മമ്മൂക്കക്ക് ആദ്യമേ അറിയാമായിരുന്നു: റഹ്മാന്‍
Entertainment news
ഇതൊക്കെ വളിപ്പ് അല്ലേ ചേട്ടാ എന്ന് ഞാന്‍ ചോദിച്ച സീനുകള്‍ തിയേറ്ററില്‍ മാസായിട്ടാണ് വര്‍ക്ക് ചെയ്തത്; രാജമാണിക്യം വിജയിക്കുമെന്ന് മമ്മൂക്കക്ക് ആദ്യമേ അറിയാമായിരുന്നു: റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th November 2022, 7:24 pm

2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ആക്ഷന്‍ കോമഡി ചിത്രമാണ് രാജമാണിക്യം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2008ലെ ബോക്‌സ് ഓഫിസ് കളക്ഷനുകള്‍ മറികടക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

റഹ്മാന്‍, മനോജ്.കെ. ജയന്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച മാണിക്യത്തിന്റെ സഹോദരനായ രാജു എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അഭിനയിച്ചത്. സിനിമയേക്കുറിച്ചും അതിലേക്ക് മമ്മൂട്ടി തന്നെ സജസ്റ്റ് ചെയ്തതിനേക്കുറിച്ചും പറയുകയാണ് റഹ്മാന്‍.

സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ലായിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടി സിനിമ നന്നാകുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ബോര്‍ ആയി തോന്നിയിരുന്നുവെന്നും എന്നാല്‍ അതെല്ലാം തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് മാസായിട്ടാണ് അനുഭവപ്പെട്ടതെന്നും റഹ്മാന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്.

”രാജമാണിക്യം സിനിമയില്‍ അദ്ദേഹം ആണ് എന്നെ സജസ്റ്റ് ചെയ്തത്. സിനിമയില്‍ വന്ന് പെട്ടപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ട് എനിക്ക് അത്ര സുഖിച്ചിട്ടില്ലായിരുന്നു. മനസിന് ചെറിയ പ്രയാസം ഒക്കെ തോന്നിയിരുന്നു. ചെന്ന് പെട്ട് പോയല്ലോയെന്ന് തോന്നി. അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട നന്നാകും എന്ന് പറഞ്ഞു.

എന്നാല്‍ സിനിമ ഗംഭീരമായി വിജയിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. രാജമാണിക്യം വിജയിക്കുമെന്ന് അദ്ദേഹത്തിന് ആദ്യമേ അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സംവിധായകന്‍ അതില്‍ ഒരുപാട് പുതിയ നമ്പറുകള്‍ ഇറക്കിയിരുന്നു. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ അദ്ദേഹം ഷൂട്ട് എടുക്കുമ്പോള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിട്ട് നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. ഇതൊക്കെ വളിപ്പ് അല്ലെ ചേട്ടാ എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. ഇതൊക്കെ നമ്മള്‍ ചെയ്യാന്‍ പാടുണ്ടോ എന്നൊക്കെ കുറേ ചോദിച്ചിട്ടുണ്ട്. ഇത് രസമാകും നീ ചെയ്ത് നോക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാനും ഭീമന്‍ രഘു ചേട്ടനും നില്‍ക്കുമ്പോള്‍ ചില ആക്ഷനൊക്കെ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. എന്നാല്‍ അത് തിയേറ്ററില്‍ മാസ് ആയിട്ടാണ് വര്‍ക്ക് ചെയ്തത്,” റഹ്മാന്‍ പറഞ്ഞു.

2009ല്‍ ബെല്ലാരി നാഗ എന്ന പേരില്‍ കന്നഡയിലേക്ക് റീമേഡ് ചെയ്തിരുന്നു. രാജമാണിക്യം 2007ല്‍ തമിഴിലേക്ക് അതേപേരില്‍ തന്നെ ഡബ്ബ് ചെയ്തിരുന്നു. അതേസമയം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനില്‍ മികച്ച പ്രകടനമായിരുന്നു റഹ്മാന്‍ കാഴ്ചവെച്ചത്. മധുരാന്തക ഉത്തമ ചോളന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ സിനിമയില്‍ അവതരിപ്പിച്ചത്.

content highlight: actor rahman about rajamanikyam