വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച നടനാണ് റഹ്മാന്‍. ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ മറികടന്ന പൊന്നിയിന്‍ സെല്‍വനിലും ശ്രദ്ധയമായ വേഷം അദ്ദേഹം ചെയ്തിട്ടുണ്ട്. മധുരാന്തക ഉത്തമ ചോളന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ സിനിമയില്‍ അവതരിപ്പിച്ചത്.
പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് താരം. സണ്‍. ടി. വി പ്രൊഡ്യൂസ് ചെയ്യാനിരുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സീരിയലിന് വേണ്ടി തമിഴിലെ ഒരു ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമീപിച്ചിരുന്നെന്ന് റഹ്മാന്‍ പറഞ്ഞു. അതില്‍ തനിക്ക് ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്ന കഥാപാത്രത്തെയാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തി അഭിനയിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.
പിന്നീട് ബഡ്ജറ്റിന്റെ പ്രശ്‌നം കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നതാണെന്നും റഹ്മാന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പൊന്നിയിന്‍ സെല്‍വെനക്കുറിച്ച് പറഞ്ഞത്.
”പൊന്നിയിന്‍ സെല്‍വനില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പും എന്റെ പ്രോര്‍ത്ഥനയും കൊണ്ടെല്ലാം കിട്ടിയതാണ്. കാരണം ഞാന്‍ ഇതുവരെ അദ്ദേഹത്തിന്റെ അടുത്ത് പോയി ചാന്‍സ് ചോദിക്കുകയൊന്നും ചെയ്തിട്ടില്ല. ഈ സിനിമയില്‍ ഒരു വേഷം ചെയ്യണമെന്ന ആഗ്രഹം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു.
ഈ സിനിമ ചെയ്തതിന് പിന്നില്‍ എനിക്ക് ഒരു ഫ്‌ളാഷ് ബാക്ക് കൂടെ പറയാനുണ്ട്. ഒരു ഇരുപത് വര്‍ഷം മുന്നേ എന്റെ കല്യാണം കഴിഞ്ഞ സമയത്താണ് തമിഴിലെ മധുബാല എന്നൊരു ഡയറക്ടര്‍ എന്നെ അപ്രാച്ച് ചെയ്തത്. ഒരു സീരിയലിന് വേണ്ടി ആയിരുന്നു. ഞാന്‍ പക്ഷെ അന്ന് സിനിമയില്‍ ഹീറോ റോള്‍സ് ചെയ്യുന്ന സമയം ആയത് കൊണ്ട് താല്‍പര്യമില്ലെന്ന് പറഞ്ഞു.
എന്നാല്‍ സണ്‍.ടി.വിയാണ് പ്രൊഡക്ഷന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ കഥകേള്‍ക്കാന്‍ തയ്യാറായി. കാരണം അന്ന് സണ്‍. ടി.വി വലിയൊരു സംഭവമാണ്. സമ്മതിക്കുന്നതിന് മുമ്പ് ഞാന്‍ അവരോട് സബ്ജക്ടിനെക്കുറിച്ച് ചോദിച്ചു. എന്റെ മുന്നിലേക്ക് നാലഞ്ച് വലിയ ബുക്ക് കൊണ്ടുവെച്ചു. അന്നാണ് ഞാന്‍ ആദ്യമായി പൊന്നിയിന്‍ സെല്‍വന്‍ പഠിക്കുന്നത്.
വായിച്ചപ്പോള്‍ എനിക്ക് താല്‍പര്യം തോന്നി. ഏത് കഥാപാത്രത്തെയാണ് ഞാന്‍ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമുള്ള കഥാപാത്രം ചെയ്യാമെന്നാണ് എന്നോട് പറഞ്ഞത്. അന്ന് രാമയണവും മഹാഭാരതവും നന്നായി പോകുന്ന സമയമാണ്. അതുപോലെ ഒരു സീരിയല്‍ ചെയ്യണമെന്നായിരുന്നു അവരുടെ ആഗ്രഹം.
എന്റെ മനസില്‍ വന്തിയത്തേവന്‍ എന്ന റോള്‍ ചെയ്യണമെന്നായിരുന്നു. ഇപ്പോള്‍ പൊന്നിയില്‍ സെല്‍വന്‍ സിനിമയില്‍ കാര്‍ത്തി ചെയ്ത കഥാപാത്രമാണ്. പിന്നീട് എന്നോട് പറഞ്ഞത് എം.ജി.ആര്‍നെ പോലെയുള്ള വലിയ താരങ്ങള്‍ ചെയ്യാന്‍ വിചാരിച്ച റോള്‍ ആയിരുന്നു അതെന്നാണ്. അവര്‍ക്ക് സാധിക്കാതെ പോയതാണെന്നും പറഞ്ഞു.
എനിക്കും വലിയ ഹോപ്പ് ഉണ്ടായിരുന്നു. പക്ഷേ അതും ഇത് പോലെ ടേക്ക് ഓഫ് ആയില്ല. ബഡ്ജറ്റിന്റെ പ്രശ്‌നം വന്നതുകൊണ്ടും പല കാരണങ്ങള്‍ കൊണ്ടും പിന്നീട് മുന്നോട്ട് പോയില്ല. പിന്നീട് എനിക്ക് സങ്കടം ഉണ്ടായിരുന്നു. ഒരു തേര്‍ഡ് വോളിയം വരെ വന്നിരുന്നു.
പിന്നെ മണി സാര്‍ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എനിക്ക് ചെറിയ ഒരു സങ്കടം തോന്നി. കാരണം സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ തൊട്ട് തന്നെ രണ്ട്, മൂന്ന് ആളുകളുടെ പേര് ആദ്യമേ അനൗണ്‍സ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇനി എന്നെ ഒന്നും വിളിക്കില്ലെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.
പിന്നെയാണ് എനിക്ക് ഒരു കോള്‍ വന്നതും മണി സാറിനെ കാണാന്‍ പറഞ്ഞതും. അദ്ദേഹം എന്നോട് ഈ കഥാപാത്രത്തിനെക്കുറിച്ച് പറഞ്ഞു. മധുരാന്തക ഉത്തമ ചോഴന്‍ എന്ന എന്റെ കഥാപാത്രത്തിന്റെ ഡെഫനിഷനെല്ലാം പറഞ്ഞു തന്നു. ആദ്യം എന്നോട് പറഞ്ഞത് ഇയാളെവെച്ചിട്ടാണ് കഥപോകുന്നതെന്നായിരുന്നു.
പലരും തെറ്റിദ്ധരിച്ച കഥാപാത്രമാണെന്നൊക്കെ അദ്ദേഹം പറഞ്ഞു. പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഇത് തമിഴരുടെ ഹിസ്റ്ററി അല്ല ഫിക്ഷന്‍ ആണെന്ന്. കുറച്ച് സത്യവും ഒരുപാട് നുണകളും സിനിമയില്‍ ഉണ്ടെന്ന്,” റഹ്മാന്‍ പറഞ്ഞു.
content highlight: actor rahman about ponnyin selvan movie