ഷോട്ടിനിടയില്‍ ബാക്ക് സീറ്റില്‍ ഇരുന്ന് ഞാനും ശോഭനയും ചിരിച്ച് സംസാരിച്ചത് അദ്ദേഹത്തിന് പിടിച്ചില്ല, ദേഷ്യത്തില്‍ വണ്ടി നിര്‍ത്തിയിട്ട് ഞങ്ങളോട് മമ്മൂക്ക ചൂടായി: റഹ്മാന്‍
Entertainment news
ഷോട്ടിനിടയില്‍ ബാക്ക് സീറ്റില്‍ ഇരുന്ന് ഞാനും ശോഭനയും ചിരിച്ച് സംസാരിച്ചത് അദ്ദേഹത്തിന് പിടിച്ചില്ല, ദേഷ്യത്തില്‍ വണ്ടി നിര്‍ത്തിയിട്ട് ഞങ്ങളോട് മമ്മൂക്ക ചൂടായി: റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th November 2022, 5:54 pm

നിരവധി മലയാള ചിത്രങ്ങളില്‍ മമ്മൂട്ടിയും റഹ്മാനും ഒന്നിച്ച് അഭിനയിച്ചിരുന്നു. അനിയനും ചേട്ടനുമായിട്ടാണ് മിക്ക സിനിമകളിലും ഇരുവരുടെയും കഥാപാത്രങ്ങള്‍ ഉണ്ടാവാറുള്ളത്. 1985ല്‍ മമ്മൂട്ടി നായകനായ ചിത്രമായ ഈറന്‍ സന്ധ്യയിലും ഇരുവരുമുണ്ടായിരുന്നു. മമ്മൂട്ടിക്കും റഹ്മാനുമൊപ്പം ശോഭന, ജോസ് പ്രകാശ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

മാധവന്‍കുട്ടി എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. രാജു എന്ന കഥാപാത്രത്തെയായിരുന്നു റഹ്മാന്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെയുള്ള അനുഭവങ്ങളെക്കുറിച്ച് ഓര്‍ത്ത് പറയുകയാണ് റഹ്മാന്‍. മമ്മൂട്ടിയെ എപ്പോഴും താന്‍ ബുദ്ധിമുട്ടിക്കാറുണ്ടെന്നും അതിന് ഇടക്ക് ദേഷ്യപ്പെടുമെന്നും റഹ്മാന്‍ പറഞ്ഞു.

സിനിമയുടെ ഷോട്ട് എടുക്കുമ്പോള്‍ തന്നെയും ശോഭനയേയും സംസാരിച്ചതിന് വഴക്ക് പറഞ്ഞതിനേക്കുറിച്ചും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയെ ഞാന്‍ എന്റെ ഏട്ടന്റെ സ്ഥാനത്താണ് കാണുന്നത്. ഒരുമിച്ചുള്ള സിനിമകളില്‍ ഒന്നുകില്‍ എന്റെ ചേട്ടനായിരിക്കും അല്ലെങ്കില്‍ അച്ഛനായിരിക്കും. സിനിമയില്‍ കാണുന്ന കോമ്പിനേഷന്‍ പോലെ തന്നെയാണ് റിയല്‍ ലൈഫിലും ഞങ്ങള്‍. സിനിമയില്‍ കാണുന്ന ചേട്ടനാനുജന്‍മാര്‍ തമ്മിലുള്ള കുസൃതികള്‍ തന്നെയാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടാകുമ്പോഴും.

അദ്ദേഹത്തിനെ ഇടക്ക് ഞാന്‍ ബുദ്ധിമുട്ടിക്കും അപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരും. അതേപോലെ തന്നെയാണ് സിനിമയിലേയും ഞങ്ങളുടെ സീനുകളും ഉണ്ടാവാറുള്ളത്. അനിയന്‍ ആയിട്ടാണ് കൂടുതലും അഭിനയിച്ചതെന്ന് തോന്നുന്നു. ഒരുപാട് ഒന്നും വഴക്ക് പറഞ്ഞിട്ടില്ല. എന്നാല്‍ ഇടക്ക് ഓരോന്ന് എന്നെ പറയും.

ഈറന്‍ സന്ധ്യയുടെ ഷൂട്ടിങ്ങില്‍ വെച്ച് അദ്ദേഹം വണ്ടി ഓടിക്കുമ്പോള്‍ വഴക്ക് പറഞ്ഞിരുന്നു. ഒരു പാര്‍ക്കിങ്ങ് ഷോട്ടായിരുന്നു എടുക്കാന്‍ ഉള്ളത്. വണ്ടിയുടെ ബാക്ക് സീറ്റില്‍ ഇരുന്ന് ഞാനും ശോഭനയും എന്തോക്കെയോ പറഞ്ഞ് ചിരിച്ചപ്പോള്‍ അത് അദ്ദേഹത്തിന് പിടിച്ചില്ല.

ദേഷ്യത്തില്‍ വണ്ടി നിര്‍ത്തിയിട്ട് അവിടെ എവിടേലും പോയി സംസാരിച്ചോ എന്നിട്ട് ഷോട്ട് എടുക്കാമെന്ന് പറഞ്ഞ് ഞങ്ങളോട് ചൂടായി. എനിക്ക് അതൊക്കെ ഇഷ്ടമാണ് ഒരിക്കലും തെറ്റായിട്ട് കാണുന്നില്ല. തമാശ പോലെയാണ് തോന്നിയത്,” റഹ്മാന്‍ പറഞ്ഞു.

അതേസമയം മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനില്‍ മികച്ച പ്രകടനമായിരുന്നു റഹ്മാന്‍ കാഴ്ചവെച്ചത്. മധുരാന്തക ഉത്തമ ചോളന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ സിനിമയില്‍ അവതരിപ്പിച്ചത്.

content highlight: actor rahman about mammootty