| Sunday, 20th October 2024, 6:35 pm

റിയല്‍ ലൈഫില്‍ കുത്ത് കിട്ടിയാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയിലാണ് ആ സീന്‍ ഞാന്‍ ചെയ്തത്: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്‌മാന്‍. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. തൊണ്ണൂറുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തില്‍ നേടാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ സാധിച്ച റഹ്‌മാന്‍ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. രണ്ടാം വരവിലും റഹ്‌മാന്‍ മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകപ്രീതി നേടി.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത് 2004ല്‍ റിലീസ് ചെയ്ത ചിത്രമാണ് ബ്ലാക്ക്. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അശോക് ശ്രീനിവാസ് എന്ന കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിച്ചത്. റഹ്‌മാന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബ്ലാക്കിലേത്. ചിത്രത്തില്‍ തന്റെ കഥാപാത്രം കുത്തേറ്റ് മരിക്കുന്ന സീന്‍ ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് റഹ്‌മാന്‍. ആ സീനിന് മുമ്പ് അത്യാവശ്യം ടെന്‍ഷനുണ്ടായിരുന്നെന്ന് റഹ്‌മാന്‍ പറഞ്ഞു.

ആ കത്തി റിയലാണെന്ന് താന്‍ സങ്കല്പിച്ചെന്നും അതുകൊണ്ട് മുറിവുണ്ടായാല്‍ എങ്ങനെയുണ്ടാകുമെന്നാണ് താന്‍ ആദ്യം മുതലേ ചിന്തിച്ചിരുന്നതെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ശരിക്കും കുത്ത് കിട്ടുമ്പോള്‍ അലറണോ വേദന കടിച്ചമര്‍ത്തണോ എന്നൊക്കെ ആലോചിച്ചാണ് ആ സീന്‍ ചെയ്തതെന്നും അതുപോലെ ഒരു സീന്‍ താന്‍ മുമ്പ് ചെയ്തട്ടില്ലെന്നും റഹ്‌മാന്‍ പറഞ്ഞു.

പിന്നീട് താന്‍ കുത്തേറ്റ് മരിക്കുന്ന സീനുകളില്‍ ബ്ലാക്കിലെ റിയാക്ഷന്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകായായിരുന്നു അദ്ദേഹം.

‘ബ്ലാക്കില്‍ എന്റെ ക്യാരക്ടര്‍ മരിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ടെന്‍ഷനടിച്ചിരുന്നു. എങ്ങനെ ആ സീനിന് വേണ്ടി പ്രിപ്പയര്‍ ചെയ്യണമെന്ന് ഒരുപാട് ചിന്തിച്ചിരുന്നു. ആ കത്തി കൊണ്ട് ഒരു മുറവുണ്ടാകുമ്പോള്‍ എങ്ങനെ റിയാക്ട് ചെയ്യും എന്നൊക്കെ ആലോചിച്ച് കുറെ നേരം സ്‌പെന്‍ഡ് ചെയ്തു. ആ സീനില്‍ എന്നെ കുത്തുന്ന കത്തി റിയലാണെന്നുള്ള സങ്കല്പത്തിലാണ് ഷൂട്ടിന്റെ സമയത്ത് ബിഹേവ് ചെയ്തത്.

യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു കുത്ത് കിട്ടുമ്പോള്‍ വേദന കൊണ്ട് നിലവിളിക്കുകയാണോ അതോ വേദന കടിച്ചമര്‍ത്തുകയാണോ ചെയ്യുന്നത് എന്നൊക്കെ കുറെ ചിന്തിച്ചിട്ടാണ് ആ സീന്‍ കംപ്ലീറ്റ് ചെയ്തത്. അതിന് മുമ്പ് ഞാന്‍ ഒരു സിനിമയിലും കുത്ത് കൊണ്ട് മരിക്കുന്നുണ്ടായിരുന്നില്ല. ബ്ലാക്കിന് ശേഷം ചെയ്ത സിനിമയില്‍ കുത്ത് കൊള്ളുന്ന സീന്‍ ഉണ്ടെങ്കില്‍ ബ്ലാക്കിലേത് പോലെ റിപ്പീറ്റേഷന്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു,’ റഹ്‌മാന്‍ പറയുന്നു.

Content Highlight: Actor Rahman about his death scene in Black movie

We use cookies to give you the best possible experience. Learn more