Film News
പ്രഭാസിനൊപ്പം അഭിനയിച്ചു, നായകനായ ചിത്രവും വരാനുണ്ട്; താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചരണങ്ങളെ തള്ളി രാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 26, 04:17 pm
Sunday, 26th September 2021, 9:47 pm

കൊച്ചി: താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സിനിമയില്‍ അവസരം കുറഞ്ഞെന്നുമുള്ള പ്രചരണങ്ങള്‍ക്കെതിരെ നടന്‍ രാഘവന്‍. ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ആരുടേയും കാരുണ്യത്തിലല്ല താന്‍ ജീവിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു.

മാതൃഭൂമി ഡോട്ട്കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നും ഒരു നിര്‍മാതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ഇതെല്ലാം തള്ളുകയാണ് രാഘവന്‍.

‘വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ട്. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല,’ രാഘവന്‍ പറഞ്ഞു.

നിലവില്‍ തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു.

പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചു വരുന്നു. ഞാന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

തനിക്ക് നിലവില്‍ യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ലെന്നും പറ്റാവുന്നിടത്തോളം കാലം അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാഘവന്‍ അന്തരിച്ച നടന്‍ ജിഷ്ണുവിന്റെ പിതാവാണ്.

1968 ല്‍ പുറത്തിറങ്ങിയ കായല്‍ക്കരയില്‍ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. അഭയം, ചെമ്പരത്തി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Raghavan on his films and career