| Friday, 10th November 2023, 11:25 pm

മമ്മൂട്ടി സാറിന് വേണ്ടി ഞാന്‍ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്: രാഘവ ലോറന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കായി താന്‍ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ടെന്ന് നടന്‍ രാഘവ ലോറന്‍സ്. ആനന്ദം എന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടിക്കായി താന്‍ കൊറിയോഗ്രാഫ് ചെയ്തതെന്ന് ലോറന്‍സ് പറഞ്ഞു. മോഹല്‍ലാലിന് വേണ്ടി കൊറിയോഗ്രാഫ് ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും അവസരം കിട്ടിയാല്‍ ചെയ്യുമെന്നും ലോറന്‍സ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂട്ടി സാറിന് വേണ്ടി ഞാന്‍ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. ആനന്ദം എന്ന പടത്തില്‍. മോഹന്‍ലാല്‍ സാറിന് കൊറിയോഗ്രാഫ് ചെയ്യാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അവസരം കിട്ടിയാല്‍ ചെയ്യും. മോഹന്‍ലാല്‍ സാറിന്റെ ബോഡി ലാംഗ്വേജ് എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ലൂസിഫര്‍ സിനിമ എനിക്ക് ഇഷ്ടമാണ്,’ രാഘവ ലോറന്‍സ് പറഞ്ഞു.

ജിഗര്‍തണ്ട 2 ആണ് ഒടുവില്‍ റിലീസ് ചെയ്ത രാഘവ ലോറന്‍സിന്റെ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്.ജെ. സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബര്‍ പത്തിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

2014ല്‍ തമിഴില്‍ ട്രെന്‍ഡ്സെറ്ററായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്ക് സുബ്ബരാജ് തന്നെയാണ് നിര്‍വഹിക്കുന്നത്. കാര്‍ത്തികേയന്‍, സന്തനം എസ്. കതിരേശന്‍, അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Content Highlight: Actor Raghava Lawrence says he has choreographed for Mammootty

We use cookies to give you the best possible experience. Learn more