ഇനി ആരും പണമയക്കരുത്, എന്റെ കുട്ടികളെ ഞാന്‍ നോക്കിക്കോളാം; അഭ്യര്‍ത്ഥനയുമായി രാഘവ ലോറന്‍സ്
Entertainment news
ഇനി ആരും പണമയക്കരുത്, എന്റെ കുട്ടികളെ ഞാന്‍ നോക്കിക്കോളാം; അഭ്യര്‍ത്ഥനയുമായി രാഘവ ലോറന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th August 2023, 12:55 pm

ലോറന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന തന്റെ ജീവകാരുണ്യ സംഘടനയിലേക്ക് ഇനി പണം സംഭാവന ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ രാഘവ ലോറന്‍സ്. താന്‍ ഡാന്‍സ് മാസ്റ്ററായിരിക്കുമ്പോഴാണ് ട്രസ്റ്റ് ആരംഭിച്ചതെന്നും അന്ന് തനിക്ക് പണം ആവശ്യമായിരുന്നുവെന്നും രാഘവ ലോറന്‍സ് പറഞ്ഞു.

എന്നാലിപ്പോള്‍ വര്‍ഷത്തില്‍ മൂന്ന് സിനിമകളില്‍ അഭിനയിക്കുന്നുണ്ടെന്നും തന്റെ കുട്ടികളെ നോക്കാന്‍ തനിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അയക്കുന്ന പണം സഹായം ആവശ്യമുള്ള മറ്റ് ട്രസ്റ്റുകള്‍ക്ക് നല്‍കണമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

‘കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാനൊരു ട്വീറ്റ് ചെയ്തിരുന്നു. എന്റെ ട്രസ്റ്റിലേക്ക് ആരും പണമയക്കരുത്, എന്റെ കുട്ടികളെ ഞാന്‍ നോക്കിക്കോളാമെന്ന്. ഡാന്‍സ് മാസ്റ്ററായിരിക്കുമ്പോഴാണ് ഞാന്‍ ട്രസ്റ്റ് ആരംഭിച്ചത്. 60 കുട്ടികളെ കണ്ടെത്തി ഒരു വീട്ടില്‍ അവരെ വളര്‍ത്തി. ഡിഫ്രന്റ്‌ലി ഏബ്ള്‍ഡായ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയകള്‍ക്കായി പറ്റുന്ന സഹായം ചെയ്തു. അന്ന് ഡാന്‍സ് മാസ്റ്ററായതുകൊണ്ട് കൂടുതലൊന്നും ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ടാണ് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിച്ചത്.

അതിന് ശേഷം ഞാന്‍ ഹീറോയായി. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്ന് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ധാരാളം പണം ലഭിക്കുന്നുണ്ട്. ഈ സമയത്താണ് ഒരു കാര്യം ചിന്തിച്ചത്. എനിക്ക് പണം ലഭിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് മറ്റുള്ളവരോട് ചോദിക്കുന്നത്. ഇതെല്ലാം എനിക്ക് ചെയ്യാവുന്നതേയുള്ളൂ.

എനിക്ക് നിങ്ങളുടെ പണം വേണ്ട എന്ന് അഹങ്കാരം കൊണ്ട് പറയുന്നതല്ല. പകരം ആ പണം സമീപത്തുള്ള ഏതെങ്കിലും ട്രസ്റ്റിന് നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, കാരണം അവരിലേക്ക് സംഭാവനകളുമായി ആരും വരില്ല. ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞാലും, നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് പലരും എന്റെയടുത്തേക്ക് വരുന്നു. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ബുദ്ധിമുട്ടുന്നവരേയും സഹായം ആവശ്യമുള്ളവരേയും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. അവര്‍ക്ക് സഹായം ചെയ്യൂ, അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും,’ രാഘവ ലോറന്‍സ് പറഞ്ഞു.

Content Highlight: Actor Raghava Lawrence has requested that no more money be donated to his charity