| Tuesday, 16th November 2021, 6:33 pm

കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി; പുനീത് രാജ്കുമാറിന് 'കര്‍ണാടക രത്‌ന' പുരസ്‌കാരം നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘കര്‍ണാടക സര്‍ക്കാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു,’ എന്നായിരുന്നു ബൊമ്മൈയുടെ ട്വീറ്റ്. കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് കര്‍ണാടക രത്‌ന.

ഇതുവരെ 10 പേര്‍ക്ക് മാത്രമാണ് കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കിയിട്ടള്ളത്. 2009ല്‍ വീരേന്ദ്ര ഹെഗ്‌ഡെയ്ക്കായിരുന്നു പുരസ്‌കാരം അവസാനമായി നല്‍കിയത്.

കഴിഞ്ഞമാസമായിരുന്നു പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. അഭിനയത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമായിരുന്നു.

1800ഓളം വിദ്യാര്‍ത്ഥികളുടെ പഠനചെലവ് താരം നേരിട്ട് ഏറ്റെടുത്ത് നടത്തിയിരുന്നു. അതോടൊപ്പം തന്നെ സ്‌കൂളുകളും വയോജനങ്ങള്‍ക്കുള്ള അഗതി മന്ദിരങ്ങളും പുനീത് പണികഴിപ്പിച്ചിരുന്നു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്.

അതോടൊപ്പം താരത്തിന്റെ ഇരുകണ്ണുകളും ദാനം ചെയ്തിരുന്നു. പുനീതിന്റെ അച്ഛന്‍ രാജ്കുമാറിന്റെയും അമ്മയുടേയും കണ്ണുകളും ദാനം ചെയ്തിരുന്നു.

അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്

ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ പുനീത്, മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിരുന്നു. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന ചിത്രത്തിലും പുനീത് അഭിനയിച്ചിട്ടുണ്ട്.

യുവരത്‌ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Puneeth Rajkumar To Get Karnataka Ratna Award Posthumously

We use cookies to give you the best possible experience. Learn more