ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. പുനീതിന്റെ പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു.
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു.
കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്.
സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ട്.
അതേസമയം പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരാധകര്‍ അക്രമാസക്തരായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പുനീതിനെ പ്രവേശിപ്പിച്ച ആശുപത്രിയ്ക്ക് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ കഴിയവെയായിരുന്നു പുനീതിന്റെ അന്ത്യം.
അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേരാണ് പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.
അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്.
കന്നഡ സിനിമാ ലോകത്തിലെ അതുല്യ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് പുനീത് അഭിനയരംഗത്തേക്കെത്തിയത്.
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ പുനീത്, 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന ചിത്രത്തിലും പുനീത് അഭിനയിച്ചിട്ടുണ്ട്.
യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Puneeth Rajkumar Eyes Donated