മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ ഏറ്റവും പെര്‍ഫെക്ട് ആയ കാസ്റ്റിങ് ആരുടേതാണെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിര്‍. അത് മറ്റാരുമല്ലെന്നും സുഭാഷ് എന്ന കഥാപാത്രം ചെയ്ത ഭാസി തന്നെയാണെന്നുമായിരുന്നു സൗബിന്റെ മറുപടി. മഞ്ഞുമ്മല്‍ സിനിമയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗബിന്‍.
ശ്രീനാഥ് ഭാസിക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കുവന്ന സമയത്തെ കുറിച്ചും ശ്രീനാഥിലേക്ക് ഈ കഥാപാത്രം എത്തിയതിനെ കുറിച്ചും സൗബിന്‍ സംസാരിക്കുന്നുണ്ട്. ഏകദേശം ഒരു വര്‍ഷക്കാലം സുഭാഷ് എന്ന കഥാപാത്രം ചെയ്യാനുള്ള നടനെ അന്വേഷിച്ച് തങ്ങള്‍ നടന്നെന്നും ഏറ്റവും ഒടുവിലാണ് ഭാസിയില്‍ എത്തിയതെന്നും സൗബിന്‍ പറയുന്നുണ്ട്.
ഭാസിക്ക് ബാന്‍ വരുമ്പോള്‍ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന പടം പൂര്‍ത്തിയാക്കാമെന്നും മറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പറഞ്ഞത്. ബാന്‍ വരുമ്പോള്‍ ഭാസി മഞ്ഞുമ്മല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
പിന്നെ അതൊന്നുമല്ല കാര്യം. ഭാസി തന്നെ പറഞ്ഞില്ലേ, ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കുറച്ച് കൂട്ടുകാര്‍ ഉണ്ടാകും. അതാണ് തന്നെ സംബന്ധിച്ച് ഈ സിനിമ എന്ന്. അത് തന്നെയാണ്.
പിന്നെ ഞങ്ങള്‍ ഈയൊരു കഥാപാത്രത്തിന് വേണ്ടി ഒരു കൊല്ലം ഓടി നടന്നു. അത് സത്യമായ കാര്യമാണ്. നമ്മള്‍ പോലും ഓര്‍ക്കുന്നില്ല ഭാസിയുടെ കാര്യം. ഏറ്റവും അവസാനമാണ് ഭാസിയുണ്ട് കേട്ടോ എന്ന് ആരോ പറയുന്നത്.
ശരിയാണല്ലോ നമ്മുടെ കൂട്ടുകാരനുണ്ട്. അപ്പോള്‍ തന്നെ വിളിച്ച് എടാ വാ എന്ന് പറഞ്ഞു. ഭാസിയിലേക്ക് ഞങ്ങള്‍ ആദ്യം എത്തിയിട്ടുണ്ടായിരുന്നില്ല.
സിനിമയുടെ കാസ്റ്റിങ് വലിയ പ്രോസസ് തന്നെയായിരുന്നു. അവിടെ ഒരു മരം വരച്ച് വെച്ചാണ് അവിടെ കാസ്റ്റിങ്ങിന്റെ കാര്യങ്ങള്‍ എഴുതിയത്.
ഞാന്‍ ഇടക്കിടെ വന്ന് നോക്കുമ്പോള്‍ ഓരോ ചില്ലയിലേയും ഫേസുകള്‍ മാറി മാറി വരുന്നത് കാണാന്‍ തുടങ്ങി.
ഇതിപ്പോ ആളുമാറിയോ? ഇതെന്താണ് എന്ന് ചോദിച്ചപ്പോള്‍ ഡേറ്റില്ല എന്ന മറുപടിയാണ് കിട്ടുന്നത്. പലര്‍ക്കും ഡേറ്റിന്റെ വിഷയം വന്നു. പിന്നെ നമുക്ക് ഇഷ്ടമുള്ളവരെ കിട്ടുകയും വേണം. ശരിക്കും പറഞ്ഞാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഏറ്റവും പെര്‍ഫെക്ട് കാസ്റ്റിങ് ഭാസി തന്നെയാണ്,’ സൗബിന്‍ പറഞ്ഞു.
എല്ലാ പടങ്ങളും ഭംഗിയായി ഓടുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല റിവ്യൂ വരുന്നതുകൊണ്ട് തന്നെ എല്ലാ പടങ്ങളും ആളുകള്‍ തിയേറ്ററില്‍ വന്ന് കാണുന്നുണ്ടെന്നും സൗബിന്‍ പറഞ്ഞു.
Content Highlight: actor producer Soubin about the perfect cast on Manjummel Boys