കാരവാനിലും മേക്കപ്പ് റൂമിലുമൊക്കെ പോയി പരിശോധിക്കേണ്ട കാര്യമില്ല; ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും എന്റെ സെറ്റില്‍ ഉണ്ടായിട്ടില്ല: ചെമ്പന്‍ വിനോദ്
മലയാള സിനിമയില്‍ അടുത്തിടെയായി ഉയര്‍ന്ന വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു സിനിമാ സെറ്റിലെ ലഹരി ഉപയോഗം. സിനിമകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ ഇതിനകം അഭിപ്രായം പങ്കുവെച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നവരെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്ന ആവശ്യവുമായി വിവിധ സിനിമാ സംഘടനകളും രംഗത്തെത്തിയിരുന്നു. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടനും നിര്‍മാതാവുമായ ചെമ്പന്‍ വിനോദ്.
താന്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രങ്ങളില്‍ ഒന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.
ചില സിനിമാ സെറ്റുകളില്‍ ചിലര്‍ മദ്യപിച്ചു വരികയൊക്കെ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗിച്ചു കൊണ്ടുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. കാരവാനിലോ മേക്കപ്പ് റൂമിലോ ഇരുന്ന് താരങ്ങള്‍ ലഹരി ഉപയോഗിക്കാറുണ്ടോ എന്നൊന്നും താന്‍ പോയി പരിശോധിക്കാറില്ലെന്നും അത്് അവരുടെ പ്രൈവറ്റ് സ്പേസ് ആണല്ലോയെന്നും ചെമ്പന്‍ വിനോദ് ചോദിച്ചു.
ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകളില്‍ ഒന്നും ലഹരിയുടെ പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയിപ്പോള്‍ അവര്‍ ലഹരി ഉപയോഗിച്ചിട്ടാണോ വരുന്നതെന്ന് എനിക്ക് അറിയില്ല. എന്റെ കണ്മുന്നില് ഞാന്‍ അത് കണ്ടിട്ടില്ല. ചില ആളുകള്‍ മദ്യപിച്ചിട്ടെക്കെ വരാറുണ്ട്. പക്ഷെ എനിക്കോ എന്റെ ഡയരക്ടര്ക്കൊ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
പിന്നെ സെറ്റില്‍ വൈകി വരുന്നവരോട് ഞങ്ങള്‍ വ്യക്തിപരമായി പോയി കാര്യം പറയാറുണ്ട്. പക്ഷെ അവര്‍ ലഹരി ഉപയോഗിച്ചിട്ടാണോ വൈകി വരുന്നത് എന്ന് എനിക്ക് അറിയില്ല. വേറെന്തെങ്കിലും പ്രശ്നമാണെങ്കില്‍ നമ്മള് പോയി പറയും, നാളെ വരുമ്പോള്‍ നേരത്തെ വരണം നമ്മള് ഷൂട്ട് അങ്ങനെയാണ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്ന്.
ഞാന്‍ ചെയ്ത് വന്നിട്ടുള്ള സിനിമകള്‍ അധികവും ലിജോയുടെ കൂടെയാണ്. അങ്കമാലി ഡയറീസ് മുതല്‍ പ്രൊഡക്ഷനിലുള്ള ഒരാളാണ് ഞാന്‍. എനിക്ക് ഇന്നേവരെ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അല്ലാതെയുള്ള കാരണങ്ങളിലൊക്കെ ആളുകള്‍ വൈകി വന്നിട്ടുണ്ടാകും. പക്ഷെ ലഹരി ഉപയോഗിച്ച് വന്നിട്ടുള്ള ഒരു അനുഭവം ഞാന്‍ കണ്ടിട്ടില്ല.
ഇനി അവരുടെ കാരവാനില്‍ അല്ലെങ്കില്‍ മേക്കപ്പ് റൂമില്‍ അവരത് ചെയ്യാറുണ്ടോ എന്ന് അറിയില്ല, ആ ഒരു പ്രൈവറ്റ് സ്പേയ്സിലേക്ക് ഞാന്‍ പോകാറില്ല. കാരണം അത് വെറെ ഒരു ജീവിതരീതി ആണല്ലോ. നമ്മള് പുക വലിക്കുമ്പോള്‍ ചുമച്ച് ക്യാന്‍സര്‍ വന്ന് മരിച്ച് പോകും എന്ന് നമുക്ക് അറിയാം, എന്നിട്ടും ആളുകള്‍ പുകവലിക്കുന്നുണ്ട്. ലഹരി എന്ന് പറയുന്നത് ഇവിടെ നിയമവിരുദ്ധമാണ്. അതിന്റെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിട്ടായിരിക്കും അവര്‍ അത് ഉപയോഗിക്കുന്നത്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ എനിക്ക് അങ്ങനെയെരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല,’ ചെമ്പന്‍ വിനോദ് പറഞ്ഞു.
കിങ് ഓഫ് കൊത്തയും നല്ല നിലാവുള്ള രാത്രിയുമാണ് ചെമ്പന്‍ വിനോദിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന്, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് കിങ് ഓഫ് കൊത്ത. ആഗസ്റ്റ് 24-നാണ് സിനിമ റിലീസ് ചെയ്യുന്നത്.
മര്‍ഫി ദേവസി സംവിധാനം ചെയ്ത് സാന്ദ്ര തോമസ് നിര്‍മിക്കുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പന്‍ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനുപാപ്പു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നത്.
Content Highlight: Actor Producer Chemban Vinod about Drugs On Cinema Set