പൃഥ്വിരാജ്-മോഹന്‍ലാല്‍-മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന് ഒരു രണ്ടാംഭാഗം ഒരുങ്ങുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ലാല്‍ ആരാധകരും പ്രതീക്ഷിക്കുന്നില്ല.
ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പൃഥ്വിരാജിന്റെ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു എമ്പുരാനുമായി ബന്ധപ്പെട്ട ചോദ്യം ഒരാള്‍ ഉന്നയിച്ചത്.
ലാലേട്ടന്റെ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി ഡീഗ്രേഡിങ് വരുന്നതുകൊണ്ടാണോ എമ്പുരാന്‍ ചെറിയ ചിത്രമാണ് എന്ന് ആവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് അല്ല ശരിക്കും ചെറിയ ചിത്രമായതുകൊണ്ട് തന്നെയാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് എന്റെ പേഴ്‌സണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ലൈഫ് ഡിസൈന്‍ ചെയ്യപ്പെടുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്. എല്ലാ വര്‍ഷവും ഒരു പ്രത്യേക സീസണില്‍ മാത്രമേ ആ സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ.
മരുഭൂമിയില്‍ ഷൂട്ട് ചെയ്യുന്നതുകൊണ്ടും കാലാവസ്ഥ അനുകൂലമാകേണ്ടതുകൊണ്ടും കഴിഞ്ഞ നാല് വര്‍ഷമായിട്ട് ആ സമയമടക്കുന്നതിന്റെ ഒരു മൂന്ന് മാസം മുന്‍പ് താടിവളര്‍ത്തിത്തുടങ്ങുകയാണ് ഞാന്‍. തടികുറച്ചുതുടങ്ങുക പോലുള്ള തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ ആ സമയം ആകുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരും. കൊവിഡോ ട്രാവല്‍ പെര്‍മിഷന്‍ ലഭിക്കാത്ത അവസ്ഥയോ ഒക്കെ.
എന്താണ് ഈയിടെയായി എല്ലാ സിനിമയിലും താടിവെച്ച് അഭിനിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചിരുന്നു. ശരിക്കും താടിവടിക്കാന്‍ പേടിയാണ്. കാരണം താടിവടിക്കുന്ന ആ സമയത്താണ് ബ്ലെസിയേട്ടന്‍ വിളിക്കുന്നതെങ്കില്‍ അത് വളര്‍ന്നുവരാന്‍ സമയം വേണമല്ലോ.
ആടുജീവിതം തീര്‍ന്നിട്ട് വേണം മലയാളത്തിലേയും മറ്റ് ഭാഷകളിലേയും എന്റെ കമ്മിറ്റ്‌മെന്റ്‌സ് തീര്‍ക്കാന്‍. അതില്‍ പ്രധാനപ്പെട്ടത് എമ്പുരാന്‍ തന്നെയാണ്. ഷൂട്ട് സെറ്റപ്പ് ചെയ്യാനുള്ള സമയം എനിക്ക്. ഈ വര്‍ഷം എന്തായാലും ഷൂട്ട് പ്രതീക്ഷിക്കുന്നില്ല. 2023 ആദ്യം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ, പൃഥ്വി പറഞ്ഞു.
Content Highlight: Actor Prithwiraj About Empuraan movie and degrading