| Wednesday, 1st July 2020, 2:16 pm

'പതിവ് മെഡിക്കല്‍ ചെക്കപ്പിനപ്പുറം ഡോക്ടറുമായി ഒരു സന്ദര്‍ശനം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നവരാണ് നമ്മള്‍'; ഡോക്ടേഴ്‌സ് ദിനത്തില്‍ പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡോക്ടേഴ്‌സ് ദിനത്തില്‍ ലോകത്തെമ്പാടുമുള്ള ഡോക്ടര്‍മാര്‍ക്ക് ആശംസ അറിയിച്ചും നന്ദി രേഖപ്പെടുത്തിയും നടന്‍ പൃഥ്വിരാജ്.

സാധാരണ സാഹചര്യങ്ങളില്‍ നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് ഡോക്ടര്‍മാരെന്നും പതിവ് മെഡിക്കല്‍ ചെക്കപ്പിനപ്പുറം ഡോക്ടറുമായി ഒരു സന്ദര്‍ശനം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരുമെന്നും പൃഥ്വിരാജ് പറയുന്നു.

ഈ ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ നിഴലില്‍ ഭീതിയോടെ ഒത്തുകൂടുമ്പോള്‍ നമുക്കായി രക്ഷാകവചം തീര്‍ക്കുന്നത് ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണല്‍സുമാണ്.

അതുകൊണ്ട് ഈ ഡോക്ടേഴ്‌സ് ദിനത്തില്‍ ഈ യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് നമുക്കായി പോരാടുന്ന ഡോക്ടര്‍മാരെ നമുക്ക് നന്ദിയോടെ സ്മരിക്കാം.

ലോകത്തെമ്പാടുമുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും സന്തോഷകരമായ ഡോക്ടേഴ്‌സ് ദിനം നേരുകയാണ്.ധീരവും നിസ്വാര്‍ത്ഥവുമായ നിങ്ങളുടെ സേവനത്തിന് നന്ദി അറിയിക്കുന്നു. ഈ ലോകം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ എന്നായിരുന്നു ഫേസ്ബുക്ക് വീഡിയോയില്‍ പൃഥ്വിരാജ് പറഞ്ഞത്.

ലോകം അസാധാരണമായ പകര്‍ച്ചവ്യാധിയോട് പൊരുതുന്ന ഘട്ടത്തില്‍ ഈ ദിവസത്തിന്റെ പ്രാധാന്യം സാധാരണയിലും വലുതാണെന്നും മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന ആതുരശുശ്രൂഷകരെ ബഹുമാനപുരസ്സരം ഓര്‍ക്കാനും നന്ദി പറയാനും ഈ ദിനം നമുക്ക് മാറ്റിവയ്ക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

കേരളത്തില്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശരിയായ ദിശയില്‍ കൊണ്ടുപോകുന്നതില്‍ നിസ്തുല പങ്കാണ് ഡോക്ടര്‍മാര്‍ വഹിക്കുന്നത്. സമൂഹം അര്‍പ്പിച്ച വിശ്വാസത്തിനോടും പ്രതീക്ഷയോടും നീതിപുലര്‍ത്തിക്കൊണ്ട് എല്ലാ മേഖലകളിലുമുള്ള ഡോക്ടര്‍മാര്‍ അഹോരാത്രം കര്‍മ്മ നിരതരാകുന്നു. അവര്‍ക്കെല്ലാം സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി ആദരവ് രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more