കഥ മോശമായിരുന്നു, എന്റെ ശല്യം തീരട്ടേയെന്ന് കരുതിയാണ് പ്രിഥ്വിരാജ്, ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിച്ചത്: എസ്. ചന്ദ്രകുമാര്‍
Entertainment
കഥ മോശമായിരുന്നു, എന്റെ ശല്യം തീരട്ടേയെന്ന് കരുതിയാണ് പ്രിഥ്വിരാജ്, ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിച്ചത്: എസ്. ചന്ദ്രകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st March 2023, 9:26 pm

പ്രിഥ്വിരാജ് ഒട്ടും ഇഷ്ടമില്ലാതെയാണ് ‘സിംഹാസനം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടില്ലായിരുന്നെന്നും പ്രൊഡ്യൂസര്‍ എസ്. ചന്ദ്രകുമാര്‍. തന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് സിനിമ ചെയ്യാമെന്നേറ്റതെന്നും താന്‍ പ്രിഥ്വിയെ ശല്യം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഷാജി കൈലാസിലും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിനാഥന്‍ സാറിലുമുള്ള വിശ്വാസം സിനിമ ചെയ്യാമെന്നേറ്റതിന് കാരണമായിട്ടുണ്ടാകുമെന്നും അല്ലാത്ത പക്ഷം തന്റെ ശല്യം തീരട്ടെ എന്നുകരുതി തന്നെയാണ് പ്രിഥ്വിരാജ് സിംഹാസനത്തില്‍ അഭിനയിക്കാനെത്തിയതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

തനിക്ക് ഒത്തിരി ഇഷ്ടമുള്ള ആര്‍ടിസ്റ്റാണ് പ്രിഥ്വിരാജ് എന്നും എന്തും തുറന്നുപറയാന്‍ അദ്ദേഹം മടിക്കാറില്ലെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. മാസ്റ്റര്‍ബിന്‍ ഒഫീഷ്യലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

പ്രിഥ്വിരാജ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആര്‍ടിസ്റ്റാണ്. പുള്ളിയെ സോപ്പിടാനോ, സുഖിപ്പിക്കാനോ അടുത്ത ഡേറ്റ് കിട്ടാനോ ഒന്നുമല്ല. പക്ഷെ അദ്ദേഹം സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണ്. അതിനി പുള്ളി ആരോടാണെങ്കിലും തുറന്നുപറയും. പുള്ളി അഭിനയമോ നാടകമോ ഒന്നുമല്ല. സത്യസന്ധനായിട്ടുള്ള ആളാണ്. സുകുമാരന്‍ ചേട്ടന്റെ സ്വഭാവമുണ്ട് രാജുവിന്. പറയേണ്ടത് മുഖത്ത് നോക്കി പറയും. അതിനി ആരാണെങ്കിലും, അദ്ദേഹത്തിന്റെ അമ്മയോടാണെങ്കിലും മുഖത്ത് നോക്കി പറയും.

പുള്ളി എന്നെ സഹായിക്കാനാണ് ആ പടം ചെയ്തത്. പുള്ളി തന്നെ പറഞ്ഞിരുന്നു ആ കഥ മോശമാണ്, സബ്ജക്ട് കൊള്ളില്ല എന്ന്. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് അത് ചെയ്യാമെന്ന് സമ്മതിച്ചത്. കാരണം ഞാനിങ്ങനെ പുറകെ നടന്ന് വിളിക്കുവല്ലേ. എന്റെ ശല്യം തീരട്ടെ എന്ന് കരുതിയിട്ടുണ്ടാകും. അല്ലെങ്കില്‍ അത് ചെയ്യില്ലായിരുന്നു.

ഒന്നാമത് ഷാജി കൈലാസിലുള്ള വിശ്വാസം. പിന്നെ എസ്.എസ്. സ്വാമി സാര്‍ ആണ് എഴുതിക്കൊണ്ടിരുന്നത്. അങ്ങനെയാണ് ആ പടം ചെയ്തത്,’ ചന്ദ്രകുമാര്‍ പറഞ്ഞു.

Content Highlights: Actor Prithviraj was not interested to do the movie Simhasanam, says S Chandrakumar