| Tuesday, 6th September 2022, 6:41 pm

ഞാന്‍ ഡീറ്റൈല്‍ഡ് ആയൊരു നരേഷന്‍ അങ്ങ് കൊടുക്കും, ലാലേട്ടന് ക്യാരക്ടര്‍ അപ്പോ തന്നെ കിട്ടും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാന് വേണ്ടിയുള്ള കട്ട വെയ്റ്റിങ്ങിലാണ് ആരാധകര്‍. ലൂസിഫര്‍ മലയാള സിനിമയില്‍ സൃഷ്ടിച്ചിട്ടുള്ള തരംഗം തന്നെയാണ് രണ്ടാം ഭാഗത്തിന് ഇത്രയും ഹൈപ്പ് ലഭിക്കാന്‍ കാരണം. ചിത്രത്തിലെ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്ന.

2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തിയ സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സംവിധായകന്‍ ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇപ്പോഴിതാ മുമ്പ് നടന്ന ഒരു സിനിമയുടെ പ്രൊമോഷന്‍ വേളയില്‍ ലാലേട്ടനെ ഡയറക്ട് ചെയ്യുന്നത് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് പൃഥ്വിരാജ് നല്‍കുന്ന മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘ദാറ്റ് വാസ് വെരി ഈസി, ലാലേട്ടനെ ഡറക്ട് ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ഞാന്‍ ഭയങ്കര ഡീറ്റൈല്‍ഡ് ആയൊരു നരേഷന്‍ കൊടുക്കും ലാലേട്ടന്, പുള്ളിക്കാരന് ആ ക്യാരക്ടര്‍ അപ്പോള്‍ തന്നെ കിട്ടും. പിന്നെ നമ്മളൊന്നും അറിയേണ്ട കാര്യമില്ല.

ഞാന്‍ ലൂസിഫറിന്റെ കഥ പറഞ്ഞതിന് ശേഷം ഫസ്റ്റ് ഡേ തന്നെ പള്ളിയിലെ ഒരു സീനാണ് എടുക്കുന്നത്. ലാലേട്ടനും നെടുമ്പള്ളി അച്ഛനും തമ്മിലുള്ള സീന്‍. ഒരു മൊമന്റ് ഓഫ് ഗ്രീഫ് ഏണ് ആ സീന്‍. ആ സമയത്ത് ലാലേട്ടന്‍ എന്നോട് ആദ്യം ചോദിച്ച ചോദ്യം, മോനേ ഉള്ളില്‍ ഭയങ്കര സങ്കടം ഉള്ളില്‍ കൊണ്ടുനടക്കുന്ന ആളാണല്ലേ ഈ സ്റ്റീഫന്‍ എന്നാണ്. അതായിരുന്നു സ്റ്റീഫന്റെ ക്യാരക്ടര്‍.

സ്റ്റീഫന്റെ ദേഷ്യവും സ്റ്റീഫന്റെ ഹീറോയിസവുമൊക്കെ സിനിമയിലുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ സ്റ്റീഫന്റെ ക്യാരക്ടര്‍ വളരെ അധികം സങ്കടം ഉള്ളില്‍ കൊണ്ടുനടക്കുന്ന ആളാണ്. അത് ലാലേട്ടന്‍ മനസിലാക്കി. അദ്ദേഹം ഒരു ഗിഫ്റ്റഡ് ആക്ടറാണ്. ദൈവം ഒരുപാട് അനുഗ്രഹിച്ച ആക്ടറാണ് ലാലേട്ടന്‍,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് ഔദ്യോഗിക തുടക്കമായെന്ന വിവരം സിനിമയുടെ പുറത്തുവിട്ടിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ഒഫിഷ്യല്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് മോഹന്‍ലാലും, തിരക്കഥകൃത്ത് മുരളി ഗോപിയും, പൃഥ്വിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് ചിത്രത്തിന് ഔദ്യോഗിക തുടക്കമായി എന്ന് അറിയിച്ചത്.

അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലെന്നും മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കാന്‍ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ചിത്രത്തിന് തുടക്കമാവുകയായാണെന്നുമാണ് പൃഥ്വിരാജ് ആശിര്‍വാദ് സിനിമാസിന്റെ ഒഫിഷ്യല്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.

Content Highlight: Actor Prithviraj talks about Mohanlal and his Acting In Lucifer Movie

We use cookies to give you the best possible experience. Learn more