ബോളിവുഡ് സിനിമകള്‍ക്ക് സൗത്ത് ഇന്ത്യന്‍ സിനിമകളോട് അയിത്തമൊന്നുമില്ലെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഷാരൂഖ് ഖാന്‍ മംഗലശേരി നീലകണ്ഠനായി വന്നാല്‍ മലയാളികള്‍ അംഗീകരിക്കില്ലല്ലോ അതുപോലെ തന്നെയാണ് മലയാള താരങ്ങള്‍ ബോളിവുഡില്‍ പോയി അഭിനയിക്കുമ്പോള്‍ അവിടെയുള്ളവര്‍ക്കും തോന്നുന്നതെന്നും താരം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, ഷാരൂഖ് ഖാന്‍ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍, അല്ലെങ്കില്‍ ബോളിവുഡില്‍ നിന്നും വരുന്ന ഏതെങ്കിലും ഒരു താരം നന്നായി മലയാളം പഠിച്ചിട്ട് മംഗലശേരി നീലകണ്ഠനായി അഭിനയിച്ചാല്‍ നമ്മള്‍ അംഗീകരിക്കുമോ. സ്വാഭാവികമായും ആ പ്രശ്നം ഉണ്ടാകും. അതായത് ഒരു മലയാളി നടന്‍ ഹിന്ദി കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ഇയാളെ നമ്മള്‍ മലയാള സിനിമയില്‍ കണ്ടതല്ലേ എന്ന തോന്നല്‍ നമുക്ക് വരും.
എനിക്ക് തോന്നുന്നു ആക്കാര്യത്തില്‍ കുറച്ചുകൂടി പരിതികളുള്ളത് ബോളിവുഡിലാണ്. അല്ലു അര്‍ജുന്റെ പുഷ്പ സിനിമ അവിടെയിറങ്ങുമ്പോള്‍ അവര്‍ക്ക് വലിയ പ്രശ്നങ്ങളില്ല. കാരണം അവര്‍ അല്ലു അര്‍ജുന്റെ എല്ലാ സിനിമയും കാണുന്നത് തെലുങ്കില്‍ തന്നെയാണ്. ഇവിടുത്തെ കുഴപ്പമെന്താണെന്ന് ചോദിച്ചാല്‍ ബോളിവുഡ് താരങ്ങളുടെ എല്ലാ സിനിമയും നമ്മള്‍ ഹിന്ദിയില്‍ തന്നെ കണ്ടിട്ടുണ്ട് എന്നതാണ്. നാളെ ഏതെങ്കിലും സിനിമയില്‍ അവര്‍ വന്ന് മലയാളമോ തമിഴോ സംസാരിക്കുമ്പോള്‍ അയ്യോ എന്ന തോന്നല്‍ നമുക്ക് ഉണ്ടാകും.
ശരിക്കും പറഞ്ഞാല്‍ ആ അകല്‍ച്ച സ്വാഭാവികമായി സംഭവിക്കുന്നതാണ്. അല്ലാതെ ബോളിവുഡില്‍ ഈ പറയുന്ന അയിത്തമൊന്നുമില്ല. ഇത്തരത്തില്‍ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് ഉറപ്പായുമുണ്ട്.
ബിഗ് ബജറ്റ് ഹിന്ദി സിനിമയില്‍ ഒരു മലയാള നടന്‍ അഭിനയിക്കുന്ന എന്ന വാര്‍ത്തകള്‍ ഇനി എപ്പോഴും നമുക്ക് കേള്‍ക്കാന്‍ കഴിയും. പല ഭാഷകളിലെ സിനിമ എന്നതിനപ്പുറത്തേക്ക് ഇന്ത്യന്‍ സിനിമ എന്ന ഒറ്റ രീതിയിലേക്കാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഇന്‍ഡസ്ട്രിയിലെയും പ്രൊഡക്ഷന്‍ ഹൗസുകളും ഫിലിം മേക്കഴ്‌സുമെല്ലാം അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അതുപോലെ തന്നെ നാളെ വരാന്‍ പോകുന്ന ഒരു മലയാള സിനിമയില്‍ ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും വന്നുതുടങ്ങും. കുറച്ച് കാലം കഴിയുമ്പോള്‍ ഇതൊക്കെ സാധാരണയായി നടക്കുന്ന കാര്യങ്ങളായി മാറും. ഈ പറയുന്നതുപോലെ തന്നെയാണ് ആര്‍.ആര്‍.ആറിന്റെ കാര്യവും. ആത്യന്തികമായി അതൊരു തെലുങ്ക് സിനിമയാണ്. ആ സിനിമയില്‍ തന്നെയാണ് അജയ് ദേവ്ഗണ്‍ സാറും ആലിയയും പ്രധാന റോളുകള്‍ ചെയ്തത്.
പണ്ട് മുതലെ ഞാനൊക്കെ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്. എല്ലാ പ്രാദേശികമായ ഇന്‍ഡസ്ട്രിയും കൂടിച്ചേര്‍ന്ന് ഒറ്റ ഇന്‍ഡസ്ട്രിയിലേക്ക് എത്തുമെന്ന്. ആ ജേര്‍ണിയിപ്പോള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. ആ മാറ്റത്തിന് തുടക്കം കുറിച്ചത് തീര്‍ച്ചയായും രാജമൗലി സാര്‍ തന്നെയാണ്,’ പൃഥ്വിരാജ് പറഞ്ഞു.
content highlight: actor prithviraj talks about bollywood film industry