| Friday, 23rd December 2022, 9:24 am

ചേട്ടനെ ഞാന്‍ സിനിമയില്‍ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് സ്‌നേഹം കൊണ്ടല്ല; അതുകൊണ്ട് അദ്ദേഹത്തിന് വേതനം കൊടുക്കേണ്ടി വരും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സഹോദരന്‍ ഇന്ദ്രജിത്ത് സുകുമാരനെ താന്‍ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിനോടുള്ള സ്‌നേഹം കൊണ്ടായിരിക്കില്ലെന്ന് നടന്‍ പൃഥ്വിരാജ്. ഇന്ദ്രജിത്ത് സുകുമാരന്‍ നല്ല നടനായത് കൊണ്ട് മാത്രമാണ് താന്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

കൂടാതെ അടുത്ത വര്‍ഷം തനിക്ക് ഏറെ തിരക്കുള്ള വര്‍ഷമാണെന്നും നിര്‍മിക്കുന്നില്ലെങ്കിലും അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ചിത്രങ്ങളില്‍ തന്റെ കമ്പനിയുടെ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ സിനിമയില്‍ അമ്മയും ചേട്ടനും അഭിനയിക്കുമ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ അവര്‍ ചെയ്തതിനുള്ള തുക കൊടുക്കും. എന്റെ സിനിമയില്‍ വേതനം കൊടുക്കാതെ ഞാന്‍ ആരെയും അഭിനയിപ്പിക്കില്ല.

എന്റെ ചേട്ടനെ ഞാന്‍ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിനോടുള്ള സ്‌നേഹം കൊണ്ടായിരിക്കില്ല. ഇന്ദ്രജിത്ത് സുകുമാരന്‍ നല്ല നടനായത് കൊണ്ട് മാത്രമാണ് ഞാന്‍ കാസ്റ്റ് ചെയ്യുന്നത്. അപ്പോള്‍ ആ നടന് നമ്മള്‍ വേതനം കൊടുത്തെ പറ്റുകയുള്ളു.

ഒരു നടനെന്ന നിലയില്‍ അടുത്ത വര്‍ഷം എനിക്ക് കുറച്ച് അധികം തിരക്കുണ്ട്. ഒരു ഡയറക്ടര്‍ എന്ന രീതിയില്‍ കൂടി തിരക്കുള്ള വര്‍ഷമാണ്. മലയാളത്തില്‍ ഞാന്‍ നിര്‍മിക്കാത്ത, അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന സിനിമകളില്‍ എന്റെ കമ്പനിയുടെ പങ്കാളിത്തം ഉണ്ടാകും.

തെരഞ്ഞെടുക്കാത്ത പ്രോജക്ടുകളില്‍ അത്തരം കണ്‍ട്രോള്‍ വെക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. അതെന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അറിയുന്നതാണ്.

തെരഞ്ഞെടുക്കുന്ന പ്രോജക്ടുകളെ അതിന്റെ മാക്‌സിമം പൊട്ടന്‍ഷ്യലില്‍ എത്തിക്കുക എന്നതാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്,” പൃഥ്വിരാജ് പറഞ്ഞു.

കാപ്പയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

content highlight: actor prithviraj sukumaran about his brother indrajith

We use cookies to give you the best possible experience. Learn more