ഇനി രണ്ടാമൂഴമെങ്ങാനും?; ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ പ്രധാനകഥാപാത്രം താനായിരിക്കുമെന്ന് പൃഥ്വിരാജ്; ചോദ്യങ്ങളുമായി ആരാധകര്‍
കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ഒരു തുറന്നുപറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ താന്‍ പ്രധാന കഥാപാത്രമാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.
ഇതോടെ പൃഥ്വിയുടെ ആരാധകര്‍ ഇത് ആഘോഷമാക്കിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
ഇനിയെന്നാണ് ഒരു തമിഴ് സിനിമ ചെയ്യുക എന്ന പ്രേക്ഷകന്റെ ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘തമിഴ് സിനിമ എന്നല്ല. പക്ഷെ ഞാന്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ ഞാനൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അത് ആ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ നിങ്ങള്‍ക്കറിയാം’ എന്ന് പൃഥ്വിരാജ് പറഞ്ഞു.
ഇതോടെ ആ ചിത്രം ഏതായിരിക്കുമെന്നാണ് ഉയരുന്ന ചര്‍ച്ചകള്‍. കെ.ജി.എഫ് 2 മുതല്‍ പ്രഭാസിന്റെ പുതിയ ചിത്രം, അല്ലുവിന്റെ പുഷ്പ, എം.ടിയുടെ രണ്ടാംമൂഴം എന്നിങ്ങനെ ആരാധകര്‍ പല പേരുകളും സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.
ജൂണ്‍ 30നാണ് കോള്‍ഡ് കേസ് ആമസോണ്‍ പ്രെെമിലൂടെ റിലീസ് ചെയ്യുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.
അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
നേരത്തെ ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക് എന്ന ചിത്രവും ഒ.ടി.ടി. റിലീസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.