ബിരിയാണി കഴിച്ച് കട്ടന്‍ചായയും കുടിച്ചിരിക്കുന്ന സമയത്ത് ഫോട്ടോയെടുക്കാന്‍ മറന്നുപോകും, അതുകൊണ്ട് വേറെ ചിത്രമൊന്നും കയ്യിലില്ല; മമ്മൂട്ടിക്ക് ആശംസകളുമായി പൃഥ്വിരാജ്
Mammookka@70
ബിരിയാണി കഴിച്ച് കട്ടന്‍ചായയും കുടിച്ചിരിക്കുന്ന സമയത്ത് ഫോട്ടോയെടുക്കാന്‍ മറന്നുപോകും, അതുകൊണ്ട് വേറെ ചിത്രമൊന്നും കയ്യിലില്ല; മമ്മൂട്ടിക്ക് ആശംസകളുമായി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th September 2021, 10:29 am

മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷമാക്കുകയാണ് മലയാളികള്‍. ആരാധകരും സിനിമാതാരങ്ങളുമെല്ലാം ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തിയിരിക്കുകയാണ്.

നടന്‍ പൃഥ്വിരാജും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ചിത്രമാണ് പൃഥ്വിരാജ് കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ച് ഫോട്ടോകളെടുക്കാന്‍ മറക്കുന്നതുകൊണ്ട് ഇതിലും നല്ല ചിത്രമൊന്നും കയ്യിലില്ലെന്നും പൃഥ്വിരാജ് പറയുന്നു.

സിനിമാമോഹികളായ താനടക്കമുള്ളവരുടെ ജീവിതത്തില്‍ മമ്മൂട്ടിക്ക് വലിയ സ്ഥാനമാണുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഇതിലും നല്ലൊരു ഫോട്ടോ എന്റെ കയ്യിലില്ല. കാരണം, ബിരിയാണി കഴിച്ച്, കട്ടന്‍ചായ കുടിച്ചിരിക്കുന്ന വൈകുന്നേരങ്ങളിലൊക്കെ നമ്മള്‍ ഫോട്ടോയെടുക്കാന്‍ മറന്നുപോകുമല്ലോ.

സിനിമ സ്വപ്‌നം കണ്ടുനടക്കുന്ന ഞാനടക്കമുള്ള ലക്ഷക്കണക്കിന് പേരുടെ ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള സ്ഥാനമെത്രത്തോളം വിലപ്പെട്ടതാണെന്ന് മമ്മൂക്കയ്ക്ക് അറിയുന്നുണ്ടാവില്ല.

പിന്നെ മറ്റെന്തിനേക്കാളും കൂടുതലായി ചാലുവിനെയും സുറുമിചേച്ചിയെയും നല്‍കിയതിന് ഒരുപാട് നന്ദി. ഈ ലോകം മുഴുവന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ഇക്ക,’ പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.

മമ്മൂട്ടിക്ക് ആശംസകളുമായി മോഹന്‍ലാലും കമല്‍ ഹാസനും എത്തിയിരുന്നു. വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരും ആശംസകളര്‍പ്പിച്ചത്.

മമ്മൂട്ടിയ്ക്ക് 70 വയസായി എന്ന് പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നും തന്നെക്കാള്‍ പ്രായം കുറവോ അല്ലെങ്കില്‍ തന്റെ അതേപ്രായമോ ഉള്ള ആളാണ് മമ്മൂട്ടി എന്നാണ് കരുതിയെന്നുമാണ് കമല്‍ പറയുന്നത്. ഈ ഊര്‍ജവും ചെറുപ്പവും എന്നെന്നും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെയെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

‘മമ്മൂട്ടി സാറിന് 70 വയസായി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്. വയസ് കൂടിയാലും ഞാന്‍ വന്നതിന് ശേഷമാണ് അദ്ദേഹം വന്നത്. അതുകൊണ്ട് എന്റെ ജൂനിയര്‍ എന്നു പറയാം.

അതുമാത്രമല്ല. കണ്ണാടിയില്‍ നോക്കിയാലും എന്നെക്കാള്‍ ഇളയതാണ് എന്നേ തോന്നുള്ളൂ, എനിക്കും ജനങ്ങള്‍ക്കും. ഈ ഊര്‍ജവും ചെറുപ്പവും എന്ന് കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ. എല്ലാ ആശംസകളും മുതിര്‍ന്ന പൗരന് നേരുന്നു. എന്ന് മറ്റൊരു മുതിര്‍ന്ന പൗരന്‍,’ എന്നായിരുന്നു കമല്‍ വീഡിയോയില്‍ പറഞ്ഞത്.

ഇന്ന് തന്റെ ജ്യേഷ്ഠ സഹോദരന്റെ ജന്മദിനാമാണെന്നും അതുകൊണ്ടുതന്നെ തനിക്ക് കൂടി ആഘോഷിക്കാനുള്ള ദിവസമാണെന്നുമാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Prithviraj’s funny  wishes to Mammootty on his 70th birthday