| Tuesday, 22nd June 2021, 11:40 am

പൃഥ്വിയെന്ന് വിളിക്കണോ രാജുവെന്ന് വിളിക്കണോ? ; ഇന്റര്‍വ്യൂവര്‍ക്ക് പൃഥ്വിരാജിന്റെ കിടിലന്‍ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ പോലെ തന്നെ അഭിമുഖങ്ങളിലും നല്ല കിടിലന്‍ പെര്‍ഫോമന്‍സ് നല്‍കുന്ന നടനാണ് പൃഥ്വിരാജ്. സിനിമയുമായും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന മറുപടികള്‍ ചര്‍ച്ചയാകാറുണ്ട്.

ഗൗരവം നിറഞ്ഞ മറുപടികള്‍ മാത്രമല്ല, പൊട്ടിച്ചിരിപ്പിക്കുന്ന ഉത്തരങ്ങളും പൃഥ്വിരാജ് നല്‍കാറുണ്ട്. തന്നെ എന്ത് വിളിക്കണമെന്ന ഇന്റര്‍വ്യൂവറുടെ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ഇറങ്ങാനിരിക്കുന്ന ചിത്രമായ കോള്‍ഡ് കേസുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോളായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

ഞാന്‍ പൃഥ്വി എന്ന് വിളിച്ചോട്ടെ, രാജുവേട്ടാ എന്ന് വിളിക്കുന്നതിനേക്കാള്‍ സ്‌നേഹം തോന്നുന്നത് പൃഥ്വി എന്ന് വിളിക്കുമ്പോളാണ് എന്ന് ഇന്റര്‍വ്യൂവറായ വീണ അഭിമുഖത്തിന്റെ തുടക്കത്തില്‍ പറയുകയായിരുന്നു.

എങ്ങനെ വിളിച്ചാലും ഞാന്‍ സ്‌നേഹിച്ചോളാം എന്നായിരുന്നു പൃഥ്വിരാജ് ഇതിന് നല്‍കിയ മറുപടി. കോള്‍ഡ് കേസിന്റെ സംവിധായകനായ തനു ബാലകും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഥിതി ബാലനും ഇതുകേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.

ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങിയിരുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.

പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക് എന്ന ചിത്രവും ഒ.ടി.ടി. റിലീസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Prithviraj’s funny reply to a question about his name

We use cookies to give you the best possible experience. Learn more