ദീപിക പദുക്കോണിന്റെയും ഷാരൂഖ് ഖാന്റെയും പുതിയ ചിത്രം പത്താന്‍ ബോയ്‌കോട്ട് ചെയ്യണമെന്ന ബിജെപി-സംഘ്പരിവാര്‍ ആഹ്വാനത്തിനോട് പ്രതികരിച്ച് പൃഥ്വിരാജ്. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും പത്താന്‍ വിഷയത്തില്‍ വിഷമമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പ എന്ന പുതിയ സിനിമയുടെ പ്രോമോഷന്‍ പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘വലിയ ദുഖമുണ്ട്. ഒരു കലാരൂപത്തെ ഇത്തരം നീരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നതില്‍ ഒരു കലാകാരനെന്ന നിലയില്‍ എനിക്ക് വലിയ ദുഖമുണ്ട് ‘ എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.
ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധിച്ചവരെ നായകളോട് ഉപമിച്ച ഡയറക്ടര്‍ രഞ്ജിത്തിന്റെ പരാമര്‍ശം വിവാദമായതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെചൊല്ലിയാണ് ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. ഈ ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി.
ദീപികയുടെ വസ്ത്രങ്ങളെ വിമര്‍ശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും രംഗത്തെത്തിയിരുന്നു. മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ഗാനത്തിനെതിരെ ലഭിച്ചത്.
പത്താന്‍ സിനിമയിലെ ദീപികയുടെ വസ്ത്രധാരണം ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയിലാണെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ സിനിമക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
അതേസമയം ഡിസംബര്‍ 22നാണ് കാപ്പയുടെ റിലീസ്. ഇന്ദുഗോപന്റെ ‘ശംഖുമുഖി’യെന്ന കഥ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
content highlight: actor Prithviraj reacts to the Pathan movie controversy