ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു, അവരെല്ലാം വിഷമത്തിലായിരുന്നു: പൃഥ്വിരാജ് പറയുന്നു
Entertainment news
ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു, അവരെല്ലാം വിഷമത്തിലായിരുന്നു: പൃഥ്വിരാജ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th September 2021, 12:23 pm

കൊവിഡിന് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിലെത്തിയ പൃഥ്വിരാജ് 96.7 എഫ്.എമ്മില്‍ അവതാരകന്‍ മിഥുന്‍ രമേശിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

കൊവിഡ് ലോക്ഡൗണില്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന ഈ സമയത്ത് താന്‍ ദിവസവും മോഹന്‍ലാലിനെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നെന്നും മലയാളസിനിമ തിയറ്റര്‍ റിലീസ് ഇല്ലാതെ ഏറെക്കുറെ സ്തംഭിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ അവരെല്ലാം വിഷമത്തിലാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘സിനിമാ ഇന്‍ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും നിര്‍ഭാഗ്യവശാല്‍ ഈ കൊവിഡ് സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്,’ പൃഥ്വിരാജ് പറഞ്ഞു.

എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കിയ അവസരങ്ങള്‍ സിനിമയെ മുഴുവനായും സ്തംഭിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

പ്രേമം സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ‘ബ്രോ ഡാഡി’യും ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് തയാറെടുക്കുകയാണ്.

‘ആടുജീവിതം’ സിനിമയുടെ വിശേഷങ്ങളും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ഡിസംബര്‍ മുതല്‍ ആടുജീവിതത്തിന്റെ ടീമിനൊപ്പം ചേരുമെന്നും ചിത്രീകരണത്തിന് വേണ്ട തയാറെടുപ്പുകള്‍ക്കായി 3 മാസത്തെ ഇടവേള എടുക്കുമെന്നും പൃഥ്വിരാജ് പറയുന്നു. അള്‍ജീരിയയിലെ ഒരു 40 ദിവസത്തെ ഷെഡ്യൂളോടെയായിരിക്കും സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയെന്നും പിന്നീട് ജോര്‍ദാനിലും ഇന്ത്യയിലുമായിരിക്കും സിനിമ ചിത്രീകരിക്കുകയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രവി.കെ.ചന്ദ്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ അഭിനയിക്കുന്ന ‘ഭ്രമം’ ഗള്‍ഫ് രാജ്യങ്ങളില്‍ തിയറ്ററിലും ഇന്ത്യയില്‍ ഒ.ടി.ടി റിലീസിനും തയാറെടുക്കുകയാണ്. മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് ചിത്രം കൂടിയായിരിക്കും ഭ്രമം.

ദുബായ് മലയാള സിനിമാ മേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വീട് പോലെയാണെന്നും, ദുബായ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത് അതിന് തെളിവാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, അവതാരകരായ നൈല ഉഷ, മിഥുന്‍ രമേശ് എന്നീ മലയാള താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Prithviraj on Malayalam cinema during covid time