| Friday, 22nd May 2020, 10:15 am

ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് പൃഥ്വിരാജും സംഘവും എത്തിയത്. സംവിധായകന്‍ ബ്ലെസി അടക്കം 58 പേരാണ് സംഘത്തിലുള്ളത്.

ദല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ദല്‍ഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്.

കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് ക്വാറന്റൈനില്‍ കഴിയണം.

187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലായിരുന്നു പൃഥ്വിരാജും ആടുജീവിതം സിനിമാ സംഘവും.

ലോക്ക് ഡൗണിനെ തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല.

കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവ് നല്‍കിയതോടെയാണ് ഷൂട്ടിങ്ങ് തീര്‍ക്കാന്‍ കഴിഞ്ഞത്.

ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി ഇന്നലെയാണ് എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇവയില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. മകന്‍ തിരിച്ചു വരുന്നതില്‍ പൃഥ്വിയുടെ അമ്മയും അഭിനേത്രിയുമായി മല്ലിക സുകുമാരന്‍ സന്തോഷം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more