| Tuesday, 5th April 2022, 10:50 am

തുടക്കകാലത്ത് ഷൂട്ടിങ് എന്‍ജോയ് ചെയ്തിരുന്നില്ല, വെള്ളിത്തിരയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ആ തോന്നല്‍ ഉണ്ടായി: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിന്റെ തുടക്കകാലത്ത് ഷൂട്ടിങ് എന്‍ജോയ് ചെയ്യാന്‍ തനിക്ക് പറ്റിയിരുന്നില്ലെന്ന് നടന്‍ പൃഥ്വിരാജ്. അന്ന് ഇഷ്ടത്തോടെയല്ല അഭിനയ രംഗത്ത് തുടര്‍ന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ സംബന്ധിച്ച് തോല്‍വി കൈകാര്യം ചെയ്യാനാണ് കുറച്ചുകൂടി എളുപ്പമെന്നും കാരണം അപ്പോള്‍ നമ്മുടെ മുന്‍പില്‍ പിന്നെ വലിയ ഓപ്ഷനൊന്നും ഉണ്ടാവില്ലല്ലോയെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

‘തോല്‍വി കൈകാര്യം ചെയ്യാനാണ് കുറച്ചുകൂടി എളുപ്പം. കാരണം തോല്‍വി നേരിടുമ്പോള്‍ നമുക്ക് മുന്‍പില്‍ വലിയ ഓപ്ഷനൊന്നും ഇല്ല, കുറച്ചുകൂടി വേറെ കാര്യങ്ങള്‍ ട്രൈ ചെയ്യുക, ഹാര്‍ഡ് വര്‍ക്ക് ചെയ്യുക എന്നതൊക്കെയേ ചെയ്യാനുള്ളൂ.

എന്നാല്‍ വിജയം വരുമ്പോള്‍ ഒരുപാട് ഓപ്ഷന്‍സ് നമ്മുടെ മുന്നില്‍ വരും നമുക്ക് അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്നെല്ലാം. അതുകൊണ്ട് തന്നെ വിജയം ഹാന്‍ഡില്‍ ചെയ്യാനാണ് ബുദ്ധിമുട്ട്.

എന്റെ സിനിമകള്‍ സക്‌സസ് ആകുന്നു, സിനിമകള്‍ ഫെയില്യര്‍ ആകുന്നു എന്നതിനേക്കാള്‍ എന്റെ കരിയറിലെ ലാന്‍ഡ് മാര്‍ക്ക് ഇവന്റ് എന്ന് പറയുന്നത് എനിക്ക് ഇതിനോട് ഇഷ്ടം തോന്നിയ ഒരു പോയിന്റുണ്ട്. അതാണ്.

തുടക്കകാലത്തൊക്കെ അഭിനയിക്കാന്‍ ഒരു വൈമനസ്യം ഉള്ള നടനായിരുന്നു ഞാന്‍. സിനിമാ ഷൂട്ടിങ് ഞാന്‍ അത്ര എന്‍ജോയ് ചെയ്തിരുന്നില്ല. എനിക്ക് തോന്നുന്നത് ഭദ്രന്‍ സാറിന്റെ വെള്ളിത്തിരയൊക്കെ ചെയ്യുന്ന സമയത്താണ് ഇതിനോട് ഒരു ഇഷ്ടം തോന്നുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയണമെന്ന് തോന്നിയ സമയം.

ആ ഒരു ചിന്ത വന്നപ്പോള്‍ പിന്നെ എനിക്കും ഇതിനകത്ത് ഏറ്റവും വലിയ ഉയരങ്ങളില്‍ എത്തണമെന്ന ചിന്ത വന്നു. ഉയരങ്ങളില്‍ എത്തുക എന്നുവെച്ചാല്‍ ഏറ്റവും വലിയ താരമാകുക എന്നതല്ല. മറിച്ച് ഏറ്റവും നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റണമെന്നും നമുക്കിഷ്ടമുള്ള സിനിമകള്‍ ഇഷ്ടമുള്ള രീതിയില്‍ എന്നിലൂടെ സൃഷ്ടിക്കപ്പെടാവുന്ന അവസ്ഥയില്‍ എത്തണമെന്നൊക്കെയുള്ള തോന്നല്‍ ഉണ്ടായി.

ഇന്ന് യഥാര്‍ത്ഥത്തില്‍ ഞാന്‍ അത് തന്നെയാണ്. ഒരിക്കലും അവസാനിക്കാത്ത യാത്രയാണ് അത്. എന്നാല്‍ ഒരേയൊരു ട്രാപ്പ് എന്ന് പറയുന്നത് സിനിമയിലെ സക്‌സസ് എന്ന് പറയുന്നത് ഒരു ഫിനിഷ് ലൈന്‍ അല്ല എന്നതാണ്.

നമ്മള്‍ ഒരു പോയിന്റില്‍ എത്തി സക്‌സസ് കിട്ടി ആ ഇനി തീര്‍ന്നു എന്നുള്ളതല്ല. അതിന് തുടര്‍ച്ചയുണ്ടാകുക നിലനില്‍പ്പുണ്ടാകുക എന്നതാണ് സക്‌സസ്. ഒരു വിജയത്തിന് ശേഷം കാലിന് മേല്‍ കാല്‍ കയറ്റി റിലാക്‌സ് ചെയ്യാമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മുടെ തോല്‍വിയാണ്, പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj about vellithira movie and his love for cinema

We use cookies to give you the best possible experience. Learn more