‘കമ്മാരസംഭവ’ത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീര്‍പ്പ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കടലോരത്തെ ഒരു ലക്ഷ്വറി റിസോര്‍ട്ടില്‍ ഒരു ദിവസം നടക്കുന്ന കഥയാണ് ‘തീര്‍പ്പ്’ പറയുന്നത്. രണ്ട് കാലഘട്ടങ്ങളാണ് ചിത്രം പ്രധാനമായും പറഞ്ഞുപോവുന്നത്, അതില്‍ വളരെ സെന്‍സിറ്റീവായ ചില സാമുദായിക- രാഷ്ട്രീയ വിഷയങ്ങള്‍ കൂടി കടന്നുവരുന്നുണ്ട്.
തീര്‍പ്പിലേക്ക് എത്തിയതിനെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തിനെ കുറിച്ചും ചേട്ടന്‍ ഇന്ദ്രജിത്തിനൊപ്പമുള്ള അഭിനയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൃഥ്വിരാജ്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഇതെന്ന് തങ്ങള്‍ക്ക് അവകാശപ്പെടാന്‍ പറ്റില്ലെന്നും എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ തുല്യ പ്രാധാന്യം ഉള്ള ഒരു സിനിമയാണ് തീര്‍പ്പെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
ഞാനാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം എന്നൊന്നും എനിക്ക് അവകാശപ്പെടാന്‍ പറ്റാത്ത സ്വഭാവത്തിലുള്ള ഒരു സിനിമയാണ്. പിന്നെ ഇത് മുരളി ഗോപിയുടെ സ്‌ക്രിപ്റ്റാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും സൈജു കുറുപ്പും വിജയ് ബാബുവും ഒട്ടനവധി മറ്റ് നടീനടന്മാരും അഭിനയിക്കുന്നുണ്ട്. ആ സെന്‍സില്‍ എനിക്ക് തോന്നുന്നത് എല്ലാ ക്യാരക്ടേഴ്‌സിനും കാണുന്നതിനേക്കാള്‍ ഡെപ്ത്തുള്ള ഒരു സ്വഭാവമുണ്ട് എന്നതുതന്നെയാണ്. അതൊക്കെയാണ് എനിക്ക് ഇതില്‍ ഇന്ററസ്റ്റിങ് ആയി തോന്നുന്നത്, പൃഥ്വി പറഞ്ഞു.
ഇന്ദ്രജിത്ത്-പൃഥ്വിരാജ് കോമ്പോ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. സ്‌ക്രിപ്റ്റ് വരുമ്പോള്‍ അല്ലെങ്കില്‍ ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പരസ്പരം ഡിസ്‌ക്കസ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഇല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
തീര്‍പ്പിന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ ആ സ്‌ക്രിപ്റ്റ് കേള്‍ക്കുകയും ആ സ്‌ക്രിപ്റ്റും എനിക്ക് ഓഫര്‍ ചെയ്ത കഥാപാത്രവും എനിക്ക് ഇഷ്ടമാകുകയും ചെയ്തു. അതിന് ശേഷമാണ് മുരളിയും രതീഷും പോയി ചേട്ടനെ കാണുന്നതും ആ കഥാപാത്രം ചേട്ടന്‍ ചെയ്യുമോ എന്ന് ചോദിക്കുന്നതും.
ഈ ക്യാരക്ടര്‍ ഞാന്‍ ചെയ്യുന്നതുകൊണ്ടല്ല ചേട്ടന്‍ ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടമായതുകൊണ്ടാണ്. പിന്നെ അദ്ദേഹം നല്ലൊരു നടനാണ്. ഗ്രേറ്റ് ആക്ടറാണ്. എനിക്ക് ഇന്ദ്രജിത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഇഷ്ടമാണ്. ഞങ്ങള്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഭൂരിഭാഗവും വര്‍ക്ക് ആയിട്ടുള്ളതുകൊണ്ടും ഞങ്ങളുടെ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടമായതുകൊണ്ടും കൂടിയായിരിക്കാം എന്നെയും ചേട്ടനേയും ഒരുമിച്ച് ഒരു സിനിമയില്‍ എന്നും കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ, പൃഥ്വിരാജ് പറഞ്ഞു.
ഈ സിനിമ ഷൂട്ട് ചെയ്യുന്നത് 2020 ലാണ്. കൊവിഡിന്റെ ആദ്യ ഘട്ടം വന്ന സമയമാണ്. വലിയ സിനിമകള്‍ നടക്കില്ലെന്നുള്ള ഒരു ഘട്ടമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ അന്ന് വേറെ ഒരു സിനിമയാണ് രതീഷ് പ്ലാന്‍ ചെയ്തത്. മുരളി ഗോപിയും ഞാനും ലൂസിഫറിന്റെ രണ്ടാം ഭാഗം ചര്‍ച്ച ചെയ്യുകയുമായിരുന്നു. പെട്ടെന്ന് കൊവിഡിന്റെ സാഹചര്യം വന്നപ്പോള്‍ ഇന്‍ഡസ്ട്രി മൊത്തത്തില്‍ കുറച്ചുകൂടി ചെറിയ സിനിമകളെ കുറിച്ച് ചിന്തിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ ഉണ്ടായ ഒരു സിനിമയാണ് ഇത്, പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Actor Prithviraj about Theerppu Movie and Indrajith Sukumaran