ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ജന ഗണ മന എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കൂടി വന്നതോടെ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയിരുന്നു.
പ്രെസ് മീറ്റില്‍ വെച്ച് സിനിമയിലേക്കെത്തിയതിനെ പറ്റി രസകരമായ സംഭവങ്ങള്‍ സുരാജ് പങ്കുവെച്ചിരുന്നു. ഡിജോ തന്നോടാണ് ആദ്യം കഥ പറഞ്ഞതെന്നും മറ്റേ കഥാപാത്രം അഭിനയിക്കാനായി പൃഥ്വിരാജിനോട് ചോദിക്കാന്‍ പറഞ്ഞത് താനാണെന്നും സുരാജ് പറഞ്ഞിരുന്നു. കഥ കേട്ടതിന് ശേഷം പൃഥ്വിരാജ് വിളിച്ച് നിങ്ങളാണോ ഞാനാണോ പൃഥ്വിരാജ് എന്ന് ചോദിച്ചെന്നും സുരാജ് പറഞ്ഞിരുന്നു.
അങ്ങനെ ചോദിച്ചതിന്റെ കാരണം പറയുകയാണ് പൃഥ്വിരാജ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
‘നിങ്ങളാണോ ഞാനാണോ പൃഥ്വിരാജ് എന്ന് ചോദിച്ചതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് പറഞ്ഞാല്‍, കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഈ കഥ കേള്‍ക്കുകയാണെങ്കില്‍ സുരാജ് ചെയ്ത കഥാപാത്രത്തിലേക്ക് ചിലപ്പോള്‍ ആദ്യം ചിന്തിക്കുന്നത് എന്നെയൊക്കെയായിരിക്കും.
അങ്ങനത്തെ പൊലീസ് ഓഫീസറായിരിക്കും സിനിമയിലേത്. അതുകൊണ്ട് തന്നെ ആ കഥാപാത്രം സുരാജ് ചെയ്യുമ്പോള്‍ കുറച്ച് വ്യത്യാസം ഉണ്ടായിരിക്കുമെന്ന് വിചാരിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.
ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന. സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.
പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്‌സ് ബിജോയ്.
Content Highlight: actor prithviraj about suraj venjaramood dialogue