| Thursday, 31st March 2022, 11:22 am

എങ്ങനെയാണ് ഭീഷ്മ പര്‍വ്വത്തിനും ഹൃദയത്തിനും കുറുപ്പിനും തിയേറ്ററില്‍ ഇത്രയും ഷെയര്‍ വന്നത്; ഒ.ടി.ടി-തിയേറ്റര്‍ റിലീസുകളെ കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ടും തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ടുമുള്ള തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. കൊവിഡ് മഹാമാരി വന്നതുകൊണ്ടാണ് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ആവുന്നത് എന്നാണ് എല്ലാവരും വിചാരിച്ചുവെച്ചിരിക്കുന്നതെന്നും എന്നാല്‍ ആ ധാരണ തെറ്റാണെന്നും പൃഥ്വിരാജ് മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഒ.ടി.ടിയില്‍ മാത്രമായിട്ട് സിനിമകള്‍ റിലീസാകുന്ന സമയം ഇവിടെ ഉണ്ടാകുമെന്ന് ഞാന്‍ ആദ്യമായിട്ട് പറയുന്നത് കൊവിഡ് മഹാമാരി വരുന്നതിന് മുന്‍പാണ്. അപ്പോള്‍ എന്നെ എല്ലാവരും നോസ്ട്രാഡമസ് ആക്കി. ഒ.ടി.ടി പ്രീമിയറിങ് തുടങ്ങിയപ്പോള്‍ ഓ..പൃഥ്വിരാജ് ഇല്യൂമിനാറ്റിയാണ്. അയാള്‍ ഇത് അന്ന് പറഞ്ഞിരുന്നല്ലോ എന്ന് പറഞ്ഞ് കാണിക്കുന്ന മീമും ട്രോളുമെല്ലാം ഈ പാന്‍ഡമിക് വരുന്നതിന്റെ മുന്‍പാണ്.

അത് ഞാന്‍ നോസ്ട്രാഡമസ് ആയതുകൊണ്ടൊന്നുമല്ല. മറിച്ച് അല്‍പ്പം അനലിറ്റക്കലായി നമ്മുടെ ഇന്‍ഡസ്ട്രിയുടെ എവല്യൂഷന്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഇതിന്റെ ഭാവി മനസിലാക്കാന്‍ പറ്റുമെന്നതുകൊണ്ടാണ്.

ഇത് ഇനി എത്ര ഫൈറ്റ് ചെയ്താലും ആര് ബാന്‍ ചെയ്താലും എന്ത് നിയമം ഇറക്കിലായും ഇത് സംഭവിച്ചിരിക്കും. ഇത് നിലനില്‍ക്കും. ഇനി വരാനിരിക്കുന്ന കാലങ്ങള്‍ ഒ.ടി.ടി സ്ട്രീമിങ്ങിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകളും തിയേറ്ററിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്യുന്ന സിനിമകളും ഉണ്ടാകും. ഇത് രണ്ടും ഇവിടെ സംഭവിക്കും.

ഒന്ന് മറ്റൊന്നിനെ ഓവര്‍ടേക്ക് ചെയ്യുമെന്നോ അല്ലെങ്കില്‍ ഒന്ന് കാരണം മറ്റേത് നിന്നുപോകുമെന്നോ ഉള്ളത് തെറ്റായ ധാരണയാണ്. അതേസമയം റിലീസാകുന്ന പുതിയ സിനിമകള്‍ വീട്ടിലിരുന്ന് കാണാമെന്നൊരു ഓപ്ഷന്‍ ആളുകള്‍ക്ക് ഉള്ളപ്പോള്‍ തിയേറ്ററിക്കല്‍ എക്‌സിബിഷന്‍ സെക്ടറിന്റെ ക്വാളിറ്റി ഇംപ്രൂവ് ചെയ്യേണ്ടി വരും.

അതായത് ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു കുടുംബത്തിന് അവിടെ അടുത്തുള്ള ഒരു തിയേറ്റര്‍ മോശം തിയേറ്ററാണെങ്കില്‍ അവര്‍ പോകില്ല. നേരെ മറിച്ച് തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഒരു എന്‍ജോയബിള്‍ എക്‌സ്പീരിയന്‍സ് ആണെങ്കില്‍ അവര്‍ അത് തിയേറ്ററില്‍ തന്നെ പോയി കാണുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഇവിടെ നല്ല തിയേറ്ററുകളില്‍ ആളുകള്‍ ഇപ്പോഴും സിനിമ കാണാന്‍ പോകുന്നുണ്ട്. എങ്ങനെയാണ് ഇവിടെ ഒരു  ഭീഷ്മ പര്‍വ്വത്തിനും ഹൃദയത്തിനും കുറുപ്പിനും തിയേറ്ററില്‍ നിന്ന് ഇത്രയും ഷെയര്‍ വന്നത്. നല്ല സിനിമകളാണ്. ആളുകള്‍ അത് തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിച്ചു. നല്ല തിയേറ്ററില്‍ പോയി ആളുകള്‍ ആ സിനിമ കണ്ടു. ഇതാണ് സംഭവക്കുന്നത്. ഇത് തുടരുകയും ചെയ്യും.

ഇനി വരാന്‍ പോകുന്ന വ്യത്യാസം എന്നത് ഇനി ഭാവിയില്‍ ഒരു സംവിധായകന്റെ കയ്യില്‍ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ ആദ്യം അയാളെടുക്കേണ്ട തീരുമാനം ഈ സിനിമ ഏത് രീതിയില്‍ കണ്‍സീവ് ചെയ്യപ്പെടുന്നതാണ് എന്നതായിരിക്കും. ഇത് ഒ.ടി.ടിയില്‍ പ്രീമിയര്‍ ചെയ്യപ്പെടേണ്ട സിനിമയാണോ, അതോ ഇത് തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതാണോ അത് ഒരു ചോദ്യമായിട്ട് വരും, പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj About OTT and Theatre Release Movies Bheeshmaparvam Kurup and Hridayam

We use cookies to give you the best possible experience. Learn more