|

20 വര്‍ഷം കഴിയുമ്പോള്‍ ഇന്നുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ആര്‍ക്കും ഇഷ്ടപെടില്ല; അതിനെക്കുറിച്ച് ബോധ്യമുണ്ടാകണം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ പല മാറ്റങ്ങളും വരുമെന്നും അതിനെക്കുറിച്ച് ഒരു നടനെന്ന നിലയില്‍ എപ്പോഴും ബോധ്യമുണ്ടായിരിക്കണമെന്നും നടന്‍ പൃഥ്വിരാജ്. ഇരുപത് വര്‍ഷം മുമ്പ് കണ്ട സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും ഫീല്‍ ചെയ്യണമെന്നില്ലെന്നും അതുപോലെ ഇപ്പോഴുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ 20 വര്‍ഷം കഴിഞ്ഞ് കണ്ടാല്‍ ചിലപ്പോള്‍ ഇഷ്ടപെടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ഒരു നടനെന്ന നിലയിലും ഫിലിം മേക്കറെന്ന നിലയിലും അതിനെക്കുറിച്ച് എപ്പോഴും ബോധ്യമുണ്ടാകണമെന്നും പൃഥ്വി പറഞ്ഞു. എപ്പോഴും ചേഞ്ച് ചെയ്ത് കൊണ്ടിരിക്കുന്ന മീഡിയയാണ് സിനിമയെന്നും താരം പറഞ്ഞു. 24ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇരുപത് വര്‍ഷം മുമ്പ് കണ്ട സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇന്ന് കാണുമ്പോള്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ഫീല്‍ ചെയ്യില്ല. അതുപോലെ തന്നെയാണ് ഇപ്പോഴുള്ള സിനിമകളും. ഒരു 20 വര്‍ഷം കഴിയുമ്പോള്‍ ഇന്നുള്ള സൂപ്പര്‍ ഹിറ്റ് സിനിമകളും നമുക്ക് ഇഷ്ടപെടില്ല.

പക്ഷെ ഒരു നടനെന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയിലും നമ്മള്‍ അതിനേക്കുറിച്ച് ബോധ്യമുള്ള ആളായിരിക്കണം. എപ്പോഴും ചേഞ്ച് ചെയ്ത് കൊണ്ടിരിക്കുന്ന മീഡിയയാണ് സിനിമ. ഏറ്റവും ഡേഞ്ചറസ് ആയിട്ടുള്ള കാര്യം സക്‌സസ് ആണ്.

ഒരു സിനിമ സക്‌സസ് ആയി എന്ന് കരുതി എല്ലാം അങ്ങനെയാവുമെന്ന് വിചാരിക്കാന്‍ പാടില്ല. അങ്ങനെ പറഞ്ഞ് സ്വയം നമ്മളെ പറ്റിക്കരുത്. സിനിമയില്‍ ഒന്നിനും ഒരു പൂര്‍ണത ഇല്ല. പൂര്‍ണതയില്‍ എത്തിയെന്ന് നമ്മല്‍ ഒരിക്കലും വിശ്വസിക്കാനും പാടില്ല.

എന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം വേണ്ടി ഞാന്‍ തീവ്രമായിട്ട് തന്നെ പ്രയത്‌നിച്ചുവെന്ന് എനിക്ക് അഭിമാനപൂര്‍വം പറയാന്‍ കഴിയും. എനിക്ക് ഇഷ്ടപെട്ട സിനിമ ചെയ്യാനുള്ള ലിബര്‍ട്ടി എനിക്ക് ഇപ്പോള്‍ ഉണ്ട്,” പൃഥ്വിരാജ് പറഞ്ഞു.

content highlight: actor prithviraj about movie changes

Latest Stories

Video Stories