| Wednesday, 18th August 2021, 4:29 pm

അതുവരെ 'മോനെ' എന്ന് വിളിച്ച ലാലേട്ടന്‍ ഷോട്ട് റെഡി എന്ന് പറഞ്ഞാല്‍ പിന്നെ വിളിക്കുക ഇങ്ങനെ; മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ മോഹന്‍ലാലും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്. സഹപ്രവര്‍ത്തകര്‍ എന്നതില്‍ ഉപരിയായി തങ്ങള്‍ തമ്മിലൊരു സഹോദര സ്‌നേഹമാണ് ഉള്ളതെന്ന് പൃഥ്വിരാജ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ നായകനായി എത്തിയത് മോഹന്‍ലാലായിരുന്നു. പൃഥ്വി രണ്ടാമതായി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലും നായകനായി എത്തുന്നത് മോഹന്‍ലാലാണ്.

ഇപ്പോഴിതാ മോഹന്‍ലാലുമൊത്തുള്ള ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് പൃഥ്വിരാജ്. കുരുതി സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിനെ ഷൂട്ട് ചെയ്യുന്ന അനുഭവം പൃഥ്വി പങ്കുവെച്ചത്.

മോഹന്‍ലാലിനോടൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക വളരെ എളുപ്പമാണ്. ഒരു സഹോദരനെ പോലെയാണ് അദ്ദേഹം എനിക്ക്. ലാലേട്ടന്‍ എങ്ങനെയാണ് സെറ്റുകളില്‍ എന്ന് വന്നു തന്നെ കാണണം. ഷോട്ടിനു തൊട്ടുമുന്‍പ് അദ്ദേഹം തമാശകള്‍ പറയുന്നു, മോനേ എന്നു വിളിക്കുന്നു. എന്നാല്‍ ഷോട്ട് റെഡി എന്ന് പറഞ്ഞാല്‍ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സര്‍’ എന്നാണ് വിളിക്കുക. ഏതെങ്കിലും ഷോട്ട് എനിക്ക് തൃപ്തി തോന്നിയില്ലെങ്കില്‍ വീണ്ടും ചെയ്യണമെന്നാവശ്യപ്പെട്ടാല്‍ ഓകെ ‘സര്‍’ എന്നു പറയും. ഷോട്ട് കഴിഞ്ഞാല്‍ വീണ്ടും അടുത്തു വന്നിരുന്ന് സ്‌നേഹത്തോടെ മോനേ എന്നു വിളിക്കും’. പൃഥ്വി പറയുന്നു.

അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത് അത്ഭുതകരമായ അനുഭവമാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനായി ഹൈദരാബാദാണ് പൃഥ്വിരാജ് ഉള്ളത്.

കുരുതിയാണ് പൃഥ്വിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Prithviraj about Mohanlal and Shooting Experience 

We use cookies to give you the best possible experience. Learn more