ഇതുവരെയുള്ള മമ്മൂക്കയെയായിരിക്കില്ല ഇനി അങ്ങോട്ട് നമ്മള്‍ കാണാനിരിക്കുന്നയെന്ന് നേരത്തെ നടന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വി പറഞ്ഞതുപോലെ തന്നെ ഭീഷ്മ പര്‍വവും നന്‍പകല്‍ നേരത്ത് മയക്കവും പുഴുവും ഉള്‍പ്പെടെയുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളിലെല്ലാം ആ വ്യത്യാസം പ്രകടവുമായിരുന്നു. ഇത്തരത്തിലൊരു നിഗമനത്തില്‍ എന്തുകൊണ്ടാണ് എത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പൃഥ്വിരാജ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെ ചിത്രങ്ങളില്‍ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് താരം സംസാരിച്ചത്.
‘മമ്മൂക്കയെ കുറിച്ചും ലാലേട്ടനെ കുറിച്ചും പറയുകയാണെങ്കില്‍ മലയാള സിനിമയിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളാണ് അവര്‍. അവര്‍ മലയാളത്തിലേക്ക് വന്ന സമയത്ത് ഭയങ്കര പാത്ത് ബ്രേക്കിങ് ആയിട്ടുള്ള കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യപ്പെട്ടിരുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം.
എം.ടി സാറും കെ.ജി ജോര്‍ജ് സാറും ഉള്‍പ്പെടെയുള്ളവര്‍ അതിമനോഹരമായി കണ്ടന്റ് മേക്ക് ചെയ്തിരുന്ന സമയമായിരുന്നു. അതിന് ശേഷമാണെങ്കില്‍ ലോഹി സര്‍ ശ്രീനിയേട്ടന്‍ ഡെന്നിസ് ജോസഫ് സാര്‍ പോലെയുള്ളവര്‍. ഇതിനിടെ ചില തമിഴ് ഹിന്ദി സിനിമകളൊക്കെ വലിയ നോയിസ് ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ ഇനി അതാണോ ചെയ്യേണ്ടതെന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ ചിന്തിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടന്റ് വെച്ച് മാത്രമേ നമുക്ക് മത്സരിക്കാനാവൂ എന്ന് നമ്മള്‍ തിരിച്ചറിഞ്ഞു.
ആ തിരിച്ചറിവ് വന്നപ്പോള്‍ ഒരുപാട് പുതിയ ഫിലിം മേക്കേര്‍സ്, ലിജോയേയും ദിലീഷിനേയും അമല്‍ നീരദിനേയും പോലുള്ള പുതിയ ഉഗ്രന്‍ ടാലന്റുകള്‍ വന്നു.
ഇവര്‍ക്ക് ലാലേട്ടനുമായും മമ്മൂക്കയുമായും ആക്‌സസ് ലഭിച്ചു. അതോടെ അവര്‍ കണ്ടൊരു മമ്മൂക്കയെ അവര്‍ കാണിച്ചു തരുന്നു. ഈ ആക്ടറില്‍ ഞാന്‍ കണ്ടത് ഇതാണ് എന്നാണ് അവര്‍ കാണിക്കുന്നത്.
ലിജോയുടെ നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂക്കയെ വളരെ വ്യത്യസ്തമായാണ് അവതരിപ്പിച്ചത്. ഒരു പ്രേക്ഷന്‍ എന്ന നിലക്ക് ലാലേട്ടന്‍ പുതിയ എന്റര്‍പ്രൈസിങ് ഫിലിം മേക്കറുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്കത് ഭയങ്കര ത്രില്ലിങ് ആണ്. ഞാന്‍ വിശ്വസിക്കുന്നത് അവരുടെയൊയൊക്കെ പുതിയ മുഖങ്ങള്‍ ഇനിയും വരുമെന്നാണ്,’ പൃഥ്വി പറഞ്ഞു.
‘ലൂസിഫറിന്റെ കാര്യമെടുത്താല്‍ ലാലേട്ടന്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാരെ വെച്ചുനോക്കുമ്പോള്‍ ഞാനും മുരളിയും പുതിയ ആളുകളായിരുന്നു. ഒരു സ്റ്റാറിനെ എങ്ങനെ ഷോ കേസ് ചെയ്യണമെന്നതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.
2 മണിക്കൂര്‍ 57 മിനുട്ടാണ് ലൂസിഫറിന്റെ ഫൈനല്‍ കട്ട്. അതില്‍ 42 മിനുട്ടോ മറ്റേ ഉള്ളൂ ലാലേട്ടന്‍. നമ്മള്‍ ഇത് സിനിമ തുടങ്ങുന്നതിന് മുന്‍പ് മൂന്ന് മണിക്കൂര്‍ സിനിമയില്‍ ലാലേട്ടന്‍ ഇത്രയേ ഉള്ളൂ കേട്ടോ എന്ന് പറഞ്ഞാല്‍ അയ്യോ അത് കുഴപ്പമാണല്ലോ എന്ന് പറയും.
എന്നാല്‍ ലാലേട്ടനെപ്പോലെ ഒരു സ്റ്റാറിനെ ഷോ കേസ് ചെയ്യാന്‍ കൃത്യമായ ഒരു മെത്തേഡ് ഞങ്ങളുടെ കയ്യിലുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇത്ര മതി കാരണം അത്രയും പവര്‍ഫുള്‍ സ്റ്റാറാണ്. പവര്‍ഫുള്‍ ക്യാരക്ടറാണ്. അത്രയും വലിയ ഫാന്‍ ഫോളോയിങ് ഉള്ള സ്റ്റാറാണ്. ഇത്ര മതിയെന്നുള്ള ഒരു ജഡ്ജ്‌മെന്റ്. അത് ഞങ്ങളുടെ ഒരു പുതിയ ചിന്തയായിരുന്നു. അടുത്ത ആള്‍ വരുമ്പോള്‍ ഇനിയും പുതിയ ആലോചനകളുമായി വരും.
15 വര്‍ഷം മുന്‍പ് 5 കോടി മുടക്കിയെടുക്കുന്ന സിനിമ ബിഗ്ബജറ്റ് ചിത്രമാണെങ്കില്‍ ഇന്ന് ഇപ്പോള്‍ 30 കോടി വരുന്ന ഒരു സിനിമ എടുക്കുക എന്ന് പറയുന്നത് നമുക്ക് ഓക്കെയാണ്,’ പൃഥ്വി പറഞ്ഞു.
Content Highlight: Actor Prithviraj about Mohanlal and Lucifer Movie