| Wednesday, 6th July 2022, 2:57 pm

ലൂസിഫറില്‍ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് നിന്ന് പതിനഞ്ചു പേരെ അടിച്ചിട്ടപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലല്ലോ; പൃഥ്വിയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനാകുന്ന മാസ്സ് എന്റര്‍ടൈനര്‍ ചിത്രം കടുവ ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. പത്ത് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. വലിയ രീതിയിലുള്ള പ്രൊമോഷന്‍ പരിപാടികളാണ് ചിത്രത്തിനായി നടത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ചിത്രം റിലീസിനെത്തുന്നുണ്ട്.

ഇതരഭാഷകളിലെ മാസ്സ് ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ലഭിക്കുന്ന സ്വീകാര്യത മലയാളത്തില്‍ ഇറങ്ങുന്ന ചിത്രത്തിന് ലഭിക്കാറില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിക്രം എന്ന സിനിമയില്‍ കമല്‍ഹാസന്‍ പീരങ്കി വലിച്ചുവരുന്ന രംഗം ഇവിടെ മോഹന്‍ലാല്‍ ആയിരുന്നു ചെയ്തിരുന്നെങ്കില്‍ മലയാളികള്‍ അതിനെ വിമര്‍ശിക്കുമായിരുന്നില്ലേ എന്ന ചോദ്യത്തിന് അതില്‍ നമ്മുടെ പ്രേക്ഷകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

‘വിക്രം സിനിമയില്‍ കമല്‍ഹാസന്‍ വെറുതെ ഒരു പീരങ്കി വലിച്ചുകൊണ്ടുവരികയല്ല അല്ലേ, പീരങ്കി വലിച്ചു വരുന്നതിന് മുന്‍പ് കമല്‍സാറിന്റെ ക്യാരക്ടര്‍ എന്താണെന്ന് തുടക്കം മുതല്‍ ബില്‍ഡ് ചെയ്ത് കൊണ്ടുവന്നിട്ടുണ്ട്. അവസാനം ആ പോയിന്റ് എത്തുമ്പോള്‍ നമുക്ക് തന്നെ തോന്നും ചിലപ്പോള്‍ ഇയാള്‍ ഇത് ചെയ്യുമെന്ന്,’ പൃഥ്വിരാജ് പറഞ്ഞു.

അതേ ബില്‍ഡ്അപ്പ് ഇവിടെ കൊടുത്താലും, അന്യഭാഷാ ചിത്രങ്ങളില്‍ വന്നാല്‍ കുഴപ്പമില്ലെന്നും ഇവിടെ വരുമ്പോള്‍ മലയാളികളുടെ മനോഭാവം മാറുകയും ചെയ്യുന്നതായിട്ട് തോന്നുന്നില്ലേ എന്ന ചോദ്യത്തിന്, ലൂസിഫറില്‍ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് നിന്ന് പതിനഞ്ചു പേരെ അടിച്ചിട്ടപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലല്ലോ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അത്രയേ ഉള്ളൂ കാര്യമെന്നും പൃഥ്വി പറഞ്ഞു.

നമ്മള്‍ എന്ത് ചെയ്താലും പ്രേക്ഷകര്‍ക്ക് അത് കണക്ട് ആവണം. ആ കണക്ട് ഇല്ലെങ്കില്‍ അത് അവിടെ സ്വിച്ച് ഓഫ് ആകും. പിന്നെ ആ ക്യാരക്ടര്‍ ചെയ്യുന്നതൊന്നും നമുക്ക് കാണാന്‍ തോന്നില്ല, നമുക്ക് വിശ്വസിക്കാന്‍ തോന്നില്ല. പുള്ളിക്കാരന് സീരിയസ് ആയി തോന്നുന്നത് നമുക്ക് തമാശയായി തോന്നും. ഇതൊക്കെ കുഴപ്പമാണ്.

ഉദാഹരണം പറഞ്ഞാല്‍ ലൂസിഫറിലെ സയ്യിദ് മസൂദ് ആന്‍ഡ് ഗ്യാങ്. നമ്മള്‍ അവരെ ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള മേര്‍സിനറി ഗ്രൂപ്പായിട്ടാണ് കാണിക്കുന്നത്.

ഇവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നത് എന്നറിയില്ല, ഇവരുടെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ നമുക്ക് പറ്റില്ല എന്നൊക്കെ വേറൊരു ക്യാരക്ടറിനെ കൊണ്ട് പറയിപ്പിച്ച് ബില്‍ഡ് അപ്പ് കൊടുത്ത് ഏറ്റവും അവസാനം ഈ സയ്യിദ് മസൂദ് കാറിന്റെ ഡോര്‍ തുറന്നുകൊടുക്കുന്ന ക്യാരക്ടര്‍ ആണ് ഖുറേഷി എബ്രഹാം. അങ്ങനെ ഒരു ക്യാരക്ടര്‍ ഗ്രാഫ് വിശ്വസിപ്പിച്ചെടുത്താല്‍ പിന്നെ പ്രേക്ഷകര്‍ കണക്ട് ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം, പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രണ്‍ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ജിനു വി. എബ്രഹാമിന്റേതാണ് കടുവയുടെ തിരക്കഥ.

Content Highlight: Actor Prithviraj about Lucifer Movie Fight and Audience Response

We use cookies to give you the best possible experience. Learn more