ലിസ്റ്റിനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി അതാണ്; ഈ പാര്‍ട്ണര്‍ഷിപ്പ് നിലനിന്നുപോകുന്നതിന് ഒരു കാരണമുണ്ട്: പൃഥ്വിരാജ്
Movie Day
ലിസ്റ്റിനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി അതാണ്; ഈ പാര്‍ട്ണര്‍ഷിപ്പ് നിലനിന്നുപോകുന്നതിന് ഒരു കാരണമുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th April 2022, 11:34 am

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള അടുപ്പത്തെ കുറിച്ചും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നൊരുങ്ങുന്ന സിനിമകളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് നടന്‍ പൃഥ്വിരാജ്. ലിസ്റ്റിനുമായുള്ള കൂട്ടുകെട്ട് ദീര്‍ഘകാലമായി തുടരാന്‍ ഒരു കാരണമുണ്ടെന്നാണ് പൃഥ്വി പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിനുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് പൃഥ്വി സംസാരിക്കുന്നത്.

‘ലിസ്റ്റിനും ഞാനും ആദ്യം ഒരുമിക്കുന്നത് വിമാനം എന്ന സിനിമയിലാണ്. ആ സിനിമ അത്ര ലാഭം ഉണ്ടാക്കിയ സിനിമ അല്ല. അതില്‍ ഞാന്‍ നിര്‍മാതാവല്ല നടന്‍ മാത്രമാണ്. ആ സിനിമ മുതല്‍ എനിക്ക് ലിസ്റ്റിനില്‍ ഇഷ്ടപ്പെട്ട ക്വാളിറ്റി എന്ന് പറയുന്നത് അദ്ദേഹം ഒരു സിനിമാ സ്‌നേഹിയാണെന്നതാണ്.

നല്ല സിനിമ കാണാന്‍ ആഗ്രഹമുള്ള നല്ല സിനിമയോട് താത്പര്യമുള്ള ഒരാളാണ് ലിസ്റ്റിന്‍. അദ്ദേഹം ഒരു ബിസിനസ്മാനാണ്. എന്നാല്‍ 22ാമത്തെ വയസില്‍ ട്രാഫിക് പോലൊരു സിനിമ നിര്‍മിച്ച ആളാണ്. ലിസ്റ്റിന്‍ ഇതുവരെ എന്റെ അടുത്ത് ഒരു മോശം സിനിമയായി വന്നിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന സിനിമകളില്‍ ഞാന്‍ സെലക്ട് ചെയ്യുന്ന സിനിമകളും ലിസ്റ്റിന്‍ സെലക്ട് ചെയ്ത് കൊണ്ടുവരുന്ന സിനിമകളും ഉണ്ട്. ഡ്രൈവിങ് ലൈസന്‍സ്, കടുവ പോലുള്ള സിനിമകളൊക്കെ ഞാന്‍ കഥ കേട്ടിട്ട് ലിസ്റ്റിനെ വിളിച്ച് നമുക്ക് ചെയ്യാം എന്ന് പറയുന്ന സിനിമകളാണ്. അതേസമയം ജന ഗണ മന ലിസ്റ്റിന്‍ കഥ കേട്ട് എന്റെ അടുത്ത് കൊണ്ടുവന്ന സിനിമയാണ്.

പിന്നെ ഈ പാര്‍ട്ണര്‍ഷിപ്പ് വര്‍ക്ക് ചെയ്യുന്നത് രണ്ട് പേരുടേയും ഉദ്ദേശം ഒന്നായതുകൊണ്ടാണ്. നല്ല സിനിമയെന്ന് നമുക്ക് തോന്നുന്ന സിനിമ എടുക്കുക എന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും ഉദ്ദേശം. രണ്ട് പേരുടേയും ഉദ്ദേശം രണ്ടാണെങ്കില്‍ ഇത് നിലനിന്ന് പോകില്ല. ഉദാഹരണം പറഞ്ഞാല്‍ എന്റെ ഉദ്ദേശം ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളിലൂടെ എന്റെ താരമൂല്യം വളര്‍ത്തുക എന്നതാണെന്ന് കരുതുക. ലിസ്റ്റിന്റെ ഉദ്ദേശം പൈസ ഉണ്ടാകുക എന്നത് മാത്രമാണെന്നും കരുതുക. അങ്ങനെയാണെങ്കില്‍ ഒന്നോ രണ്ടോ പടം കഴിയുമ്പോള്‍ തന്നെ നമുക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസിലാകും.

പിന്നെ എനിക്ക് ഭയങ്കര ലിബര്‍ട്ടിയാണ് ലിസ്റ്റിന്‍ ഉള്ളത്. ഞാന്‍ ക്രിയേറ്റീവ് കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. ബാക്കി ലിസ്റ്റിന്‍ നോക്കിക്കോളും. ഞാന്‍ ഇപ്പോള്‍ അവന്റെ അടുത്ത് പറയുകയാണ് എന്റെ ഡയരക്ടറിന് ഈ സീക്വന്‍സ് ഷൂട്ട് ചെയ്യാന്‍ രണ്ട് ഫാന്റം ക്യാമറയും ബാക്കി കാര്യങ്ങളും വേണമെന്ന്, അത് എവിടെ നിന്ന് വരുന്നു എന്ന് ഞാന്‍ അറിയണ്ട. അത് ലിസ്റ്റിന്‍ കൊണ്ടുതരും. ആ ജോലി അവന്‍ ചെയ്യും.

പിന്നെ 100 ശതമാനം ട്രാന്‍സ്പരന്റാണ് മാജിക് ഫ്രെയിംസിന്റേയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഓഡിറ്റിങ്. ഒരു ഇന്‍ഡിപെന്റന്റ് ഓഡിറ്റര്‍ക്ക് പോലും ഒരു ദിവസം വന്ന് ഞങ്ങളുടെ ബുക്ക് തുറന്ന് നോക്കിയാല്‍ കൃത്യമായി കാര്യങ്ങള്‍ കാണാന്‍ പറ്റും. അതിനകത്ത് ലിസ്റ്റിന് അറിയുന്ന എനിക്ക് അറിയാത്ത, അല്ലെങ്കില്‍ എനിക്ക് അറിയുന്ന ലിസ്റ്റിന് മാത്രം അറിയാത്ത ഒരു ഡീലിങ്ങും ഇല്ല. ഒരു സിനിമയുടെ ഏറ്റവും ചെറിയ പേമെന്റ് മുതല്‍ പതിനഞ്ചോ ഇരുപതോ കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് വരെ എല്ലാം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയാവുന്ന ഡീലിങ്ങാണ്. എല്ലാ ഡോക്യുമെന്റിലും എന്റേയും സുപ്രിയയുടേയും ലിസ്റ്റിന്റേയും ഒപ്പുണ്ടാകും, പൃഥ്വി പറയുന്നു.

Content Highlight: Actor Prithviraj About Listin Stephen