| Friday, 13th August 2021, 6:55 pm

ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയേക്കാവുന്ന വിഷയങ്ങളെടുക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഒറ്റ കാര്യം മാത്രം; കുരുതിയെ കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കുരുതി റിലീസിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീതയതും ഹിന്ദു-മുസ്‌ലിം വിദ്വേഷവുമെല്ലാം ചര്‍ച്ചയായിരിക്കുകയാണ്.

ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സംഘപരിവാര്‍ അനുകൂലമാണെന്ന വിമര്‍ശനങ്ങളുമുയരുന്നുണ്ട്. ഇപ്പോള്‍ മതം സിനിമക്ക് വിഷയമാകുന്നതിനെ കുറിച്ച് കുരുതിയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയാണ് പൃഥ്വിരാജ്.

ഫിലിം കമ്പാനിയനില്‍ അനുപമ ചോപ്ര നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ മതം സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അതെങ്ങനെയാണ് സാധിക്കുന്നതെന്നായിരുന്നു അനുപമ ചോപ്ര ചോദിച്ചത്.

മാലികിനെയും കുരുതിയെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അനുപമയുടെ ചോദ്യം. ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടാകുന്നതിനെ കുറിച്ചെല്ലാം ആലോചിക്കില്ലെയെന്നും അവര്‍ ചോദിച്ചു. ഇതിന് മറുപടിയായി കുരുതി സംസാരിക്കുന്നത് മതത്തെ കുറിച്ചല്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

‘മാലിക് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതേകുറിച്ച് എനിക്ക് പറയാന്‍ പറ്റില്ല. ഇനി കുരുതിയിലേക്ക് വരികയാണെങ്കില്‍, കുരുതി മതത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല.

സിനിമയുടെ കഥക്ക് പശ്ചാത്തലമാകുന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് മതം. ആര്‍ക്കും തടയാനാകാത്ത അക്രമത്തിന്റെ ഒഴുക്ക് അചഞ്ചലമായ വിശ്വാസത്തെ കണ്ടുമുട്ടുന്നിടത്താണ് കുരുതിയിലെ കഥ നടക്കുന്നത്.

കുരുതിയിലെ ഇന്റര്‍വെല്‍ സമയത്ത് കാണിക്കുന്ന ആ ഇമേജാണ് സിനിമയുടെ ആകെത്തുക. ഇനി കുരുതിയില്‍ നിന്നും മതത്തെ മാറ്റി വേറെ ഒരു കാര്യത്തെയാണ് വെക്കുന്നതെന്ന് വെക്കുക, അപ്പോഴും സിനിമ ഇങ്ങനെ തന്നെയായിരിക്കും.

ഒരു കൂട്ടം ആളുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അവരെ നിങ്ങള്‍ ഏറ്റവും അറ്റത്തിലേക്ക് തള്ളിവിടുകയാണ്. അവര്‍ക്ക് എത്രമാത്രം താങ്ങാനാകുമെന്നാണ് സിനിമ കാണിക്കുന്നത്. അവരുടെ നിലപാടുകളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ എത്ര ദൂരം വരെ പിടിച്ചുനില്‍ക്കുമെന്നാണ് ചിത്രം നോക്കുന്നത്.

പിന്നെ സെന്‍സിറ്റീവായതോ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയേക്കാവുന്നതോ ആയ വിഷയങ്ങളെടുക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്, ആ സിനിമയില്‍ ഒരു പ്രൊപഗണ്ടയില്ലെങ്കില്‍ എനിക്കത് ചെയ്യാന്‍ ഒരു പ്രശ്‌നവുമില്ല.

വസ്തുതാപരമായി കാര്യങ്ങളെ അവതരിപ്പിക്കണം. കുരുതി അത്തരത്തിലുള്ള സിനിമയാണ്. കാര്യങ്ങളെ ഏറ്റവും വസ്തുനിഷ്ഠമായി സമീപിച്ച ചിത്രമാണ് കുരുതി.

ആരാണ് ശരി ആരാണ് തെറ്റ് എന്നോ, ആരുടേതാണ് ശരിയായ മതം ആരുടേതാണ് തെറ്റായ മതം എന്നോ, അങ്ങനെയൊന്നും കുരുതി കാണിക്കുന്നില്ല. കുറച്ച് മനുഷ്യരെയാണ് ചിത്രം കാണിക്കുന്നത്. സിനിമ പ്രേക്ഷകനോട് സംവദിക്കുകയാണ്, ചോദ്യങ്ങള്‍ ചോദിക്കുകയാണ്,’ പൃഥ്വിരാജ് പറയുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. പൃഥ്വിരാജ്, മാമുക്കോയ, റോഷന്‍ മാത്യു, ശ്രിന്ദ, മുരളി ഗോപി, മണികണ്ഠന്‍, നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്‌സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Prithviraj about Kuruthi movie and religious content in cinema

We use cookies to give you the best possible experience. Learn more