| Wednesday, 6th July 2022, 1:03 pm

പോക്കിരി രാജയേക്കാള്‍ നല്ല സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറഞ്ഞാല്‍ എനിക്കത് മനസിലാക്കാന്‍ സാധിക്കില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് കടുവ. ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറാണ് ചിത്രം.

കടുവ നേരിടാന്‍ പോകുന്ന ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തിലുള്ള വരേണ്യതയും പൊലീസിനെ തല്ലുന്ന രംഗങ്ങളും പോലുള്ളവ ഇന്നത്തെ കാലത്ത് മുഴച്ചു നില്‍ക്കുന്നതായിട്ട് തോന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

ആറാം തമ്പുരാന്‍, നരസിംഹം അതിന് ശേഷം മുണ്ടുടുത്തും മീശ പിരിച്ചും മോഹന്‍ലാല്‍ തന്നെ ആ പാറ്റേണിലുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. അതിന്റെ പേരില്‍ അദ്ദേഹം കേട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ വളരെ വലുതാണ്. അതുപോലുള്ള മറ്റൊരു സിനിമ കടുവയിലൂടെ നമ്മുടെ മുന്‍പില്‍ എത്തുകയാണ്. വരേണ്യതയും പൊലീസിനെ തല്ലുന്ന രംഗങ്ങളും ഇന്നത്തെ കാലത്ത് മുഴച്ചു നില്‍ക്കുന്നതായിട്ട് തോന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

പാര്‍ലമെന്റിന് അകത്ത് കയറി ഒരു മിനിസ്റ്ററെ വെടിവെച്ചു കൊന്ന കെ.ജി.എഫ് ഇവിടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണെന്നും പിന്നാണോ പാവം നാല് പൊലീസുകാരെ തല്ലുന്ന കുറുവച്ചന്‍ എന്നുമായിരുന്നു പൃഥ്വി ചോദിച്ചത്. അതിലൊന്നും വലിയ കാര്യമില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

നമ്മള്‍ ഈ സിനിമ വളരെ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന, ശരിക്കും സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം പ്രതിഫലിക്കുന്ന സിനിമയാണെന്ന് എവിടേയും അവകാശപ്പെട്ടിട്ടില്ല. വളരെ ഹോണസ്റ്റായിട്ടാണ് ഈ സിനിമ പ്രൊമോട്ട് ചെയ്യുന്നത് തന്നെ. ഇതൊരു മാസ് എന്റര്‍ടൈനറാണ്. അത്തരമൊരു സിനിമ കാണാന്‍ പോയിട്ട് ‘ഒരാള്‍ക്ക് നാല് പേരെ ഇടിക്കാന്‍ പറ്റുമോ’ എന്നൊക്കെ ചോദിച്ചാല്‍ അതിനകത്ത് ഒരര്‍ത്ഥവും ഇല്ല.

ഈ സിനിമ കാണാന്‍ പോകുമ്പോഴും അങ്ങനെ വേണം കാണാന്‍ പോകാന്‍. അല്ലാതെ ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. പോക്കിരി രാജയേക്കാള്‍ നല്ല സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറഞ്ഞാല്‍ എനിക്കാ പരാമര്‍ശം മനസിലാക്കാന്‍ പോലും സാധിക്കുന്നില്ല. അതെങ്ങനെയാണ് നമ്മള്‍ കംപയര്‍ ചെയ്യുക. അതുപോലെ തന്നെയാണ് ഇത്.

കടുവയേയും ജന ഗണ മനയേയും നിങ്ങള്‍ താരതമ്യം ചെയ്യരുത്. രണ്ടും ടോട്ടലി വ്യത്യസ്തമായ സിനിമകളാണ്. അടുത്തിടെ ഞാന്‍ തന്നെ എന്റെ സുഹൃത്തുക്കളെ അടുത്ത് നിന്നും കേള്‍ക്കുന്ന കാര്യമാണ് ആക്ഷന്‍ പടങ്ങളൊക്കെ കാണണമെങ്കില്‍ തമിഴ് പടമോ തെലുങ്ക് പടമോ ഒക്കെ കാണണമല്ലേ എന്ന്. അത് ശരിയല്ലല്ലോ. നമുക്കും വേണ്ടേ അത്തരം സിനിമകള്‍. നമുക്കെന്താ അത് ചെയ്യാനുള്ള കഴിവില്ലേ, പൃഥ്വിരാജ് ചോദിക്കുന്നു.

ജിനു വി. എബ്രഹാമിന്റേതാണ് കടുവയുടെ തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രണ്‍ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Content highlight: Actor Prithviraj about Kumbalangi Knights and Pokkiri Raja and Kaduva Movie

We use cookies to give you the best possible experience. Learn more